campus

TOPICS COVERED

കാര്യവട്ടം ക്യാംപസിലെ ഇടിമുറി മര്‍ദനത്തിൽ കെഎസ്‌യുവിന്റെ ആരോപണം തള്ളി സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ക്യാംപസില്‍ ഇടിമുറി ഇല്ലെന്ന് അന്വേഷണ സമിതി. എന്നാൽ റജിസ്ട്രാറുടെ റിപ്പോർട്ട് തെറ്റെന്ന് മർദനത്തിനിരയായ സാൻ ജോസ്. 121-ആം നമ്പർ മുറി അടച്ചിട്ടിരിക്കുക ആയിരുന്നു എന്ന അന്വേഷണ സമിതിയുടെ വാദം ശരിയല്ലെന്നും സാൻ ജോസ് മനോരമ ന്യൂസിനോട് പറഞ്ഞു. 

വിസിയുടെ നിര്‍ദ്ദേശ പ്രകാരം രജിസ്ട്രാര്‍ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇടിമുറി മര്‍ദ്ദനമെന്ന ആരോപണം തെറ്റാണെന്ന് പറയുന്നത്. മര്‍ദ്ദനത്തിന് ഇരയായ കെഎസ്‌യു നേതാവ് സാൻജോസിനെ മുറിയിൽ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ രജിസ്ട്രാറുടെ റിപ്പോർട്ട് തെറ്റാണെന്നും 121-ആം നമ്പർ മുറിയിൽ താൻ നേരിട്ടത് കൊടിയ മർദ്ധനമാണെന്നും സാൻ ജോസ് പറഞ്ഞു. 

 

കെഎസ്‌യുവിന്റെ വാദങ്ങൾ പൂർണ്ണമായി തള്ളിക്കൊണ്ട് എസ്‌ എഫ് ഐക്ക് അനുകൂലമായാണ് പുറത്തുവന്ന രജിസ്ട്രാറുടെ റിപ്പോർട്ട്. മെൻസ് ഹോസ്റ്റലിലെ 121ാം നമ്പര്‍ മുറി ഒരു റിസര്‍ച്ച് സ്കോളര്‍ക്ക് അനുവദിച്ചതാണെന്നും സംഭവ ദിവസം മുറി അടച്ചിട്ടിരിക്കുക ആയിരുന്നു എന്നുമാണ് റിപ്പോർട്ടിൽ. അതേസമയം എസ്‌എഫ്ഐയുടെ തിരക്കഥയാണ് അന്വേഷണ റിപ്പോർട് എന്ന് കെ എസ്‌ യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. 

സഹോദരിയെ കാമ്പസിൽ എത്തിക്കാൻ വന്ന ജോബിൻസ് എന്നയാളെ ചൊല്ലി എസ്‌എഫ്ഐ തുടങ്ങിയ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്. ക്രൂരമർദ്ദനം നടന്ന സാഹചര്യത്തിൽ പോലും മറ്റ് കാര്യങ്ങൾ പരാമർശിക്കാതെ ക്യാമ്പസിൽ സംഘട്ടനം നടന്നിരുന്നു എന്ന് മാത്രമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.