• കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസ്
  • ആക്രമണം ഇലക്ട്രിക് സാധനങ്ങള്‍ ഇറക്കിയതിന്
  • പൊലീസ് അന്വേഷിക്കട്ടെയെന്ന് സി.ഐ.ടി.യു

മലപ്പുറം എടപ്പാളില്‍ ആക്രമിക്കാന്‍ പിന്തുടര്‍ന്ന സി.ഐ.ടി.യുക്കാരെ ഭയന്നോടിയ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതര പരുക്കേറ്റതില്‍ 10 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. എന്നാല്‍ സംഘടനയിലെ തൊഴിലാളികള്‍ ഭീകരാന്തരീക്ഷമുണ്ടാക്കിയിട്ടില്ലെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ജില്ല പ്രസിഡന്റ് എം.ബി ഫൈസല്‍ പറഞ്ഞു. മനോരമ ന്യൂസ് വാര്‍ത്ത പുറത്തുകൊണ്ടു വന്നതിന് ശേഷമാണ് പൊലീസ് കേസെടുത്ത് തുടര്‍നടപടികളിലേക്ക് കടന്നത്. 

ഇലക്ട്രിക് കരാറുകാരന്‍റെ തൊഴിലാളികളില്‍പ്പെട്ട ഫയാസ് ഷാജഹാന്‍ അടക്കമുളളവരെ ആക്രമിച്ച കണ്ടാല്‍ തിരിച്ചറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഫൈബര്‍ ട്യൂബുകൊണ്ടും കൈകൊണ്ടും മര്‍ദ്ദിച്ചെന്നും  മനഃപൂര്‍വം ആക്രമിച്ചെന്നുമാണ് കേസ്. ആയുധം ഉപയോഗിച്ച് പരുക്കേല്‍പിച്ചെന്നും അസഭ്യം പറഞ്ഞെന്നും എഫ്ഐആറിലുണ്ട്. എടപ്പാളിലെ സി.ഐ.ടി.യുവിന്‍റെ പ്രാദേശിക നേതാക്കളും പ്രതിയാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട തൊഴില്‍ നഷ്ടപ്പെട്ടത് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നായിരുന്നു സി.ഐ.ടി.യുവിന്‍റെ വിശദീകരണം.  

തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയാണ് പൊലീസ് ഫയാസ് ഷാജഹാന്‍റെ മൊഴി രേഖപ്പെടുത്തിയത്. പത്തില്‍ അധികം പേരുളള സംഘമാണ് ആക്രമിച്ചതെന്നും സിഐടിയുക്കാര്‍ പിന്തുടര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം അഞ്ചാം നിലയില്‍ നിന്ന് തൊട്ടടുത്ത കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്ക് ചാടിയാണ് അപകടമുണ്ടായതെന്നുമാണ് ഫയാസ് നല്‍കിയ മൊഴി.

ENGLISH SUMMARY:

Police has registers case in CITU attack against employees in Edappal, Malappuram