സംസ്ഥാനത്ത് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് വിത്തുവിതയ്ക്കുന്നത് കുട്ടനാട്ടിൽ വിജയകരമായി പരീക്ഷിച്ചു. ആലപ്പുഴ ചമ്പക്കുളത്തെ ചെമ്പടി -ചക്കങ്കരി പാടശേഖരത്തിലായിരുന്നു പരീക്ഷണം. മങ്കൊമ്പ് ഡോ. എം.എസ്.സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രത്തിന്റെയും കോട്ടയം കൃഷി വിദ്‌ഞാന കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ ്ഡ്രോൺ ഉപയോഗിച്ചു വിത്ത് വിതച്ചത്. 

ഇനി പാടത്തിറങ്ങേണ്ട, ചെളിയിൽ ചവിട്ടേണ്ട, തൊഴിലാളികളെ കിട്ടാനില്ലെന്ന പരാതിയും വേണ്ട. ചെളിയിലിറങ്ങി വിത്ത് വിതയ്ക്കുന്ന കാലം കഴിയുകയാണ്. ചെമ്പടി ചക്കൻകരി പാടത്ത് എം. കെ. വർഗീസ് മണ്ണുപറമ്പിലിൻ്റെ ഒരേക്കർ കൃഷിയിടത്തിലാണു പരീക്ഷണാടിസ്‌ഥാനത്തിൽ വിത്ത് വിതയ്ക്കാൻഡ്രോൺ ഉപയോഗിച്ചത്.. 

സാധാരണ ഒരേക്കറിൽ വിതയ്ക്കാൻ രണ്ടര മണിക്കൂർ വേണം. ഡ്രോൺ ഉപയോഗിച്ചാൽ 20 മിനിറ്റ് മതി. ഒരേക്കറിൽ 40 കിലോ വിത്ത് വേണം. ഒരു സമയം 10 കലോ വിത്ത് ഡ്രോൺ വഹിക്കും. കൃഷിയിടം ജിപിഎസ് സംവിധാനത്തിൽ മാർക്ക് ചെയ്‌തശേഷം 10 മിനിറ്റിനുള്ളിൽ മൂന്നോ നാലോ തവണയായിട്ടാണ് ഒരേക്കറിലെ വിത പൂർത്തിയാക്കുന്നത്. നിലവിലുണ്ടായിരുന്ന സംവിധാനത്തിനൊപ്പം സീഡ് ബ്രോഡ്‌കാസ്റ്റർ യൂണിറ്റുകൂടി ഘടിപ്പിച്ചാണു വിതയ്ക്കുന്നത്

കർഷകർക്ക് ഗുണമാന്നെങ്കിലും കർഷക തൊഴിലാളികൾക്ക് തൊഴിൽ കുറയുമോ എന്ന ആശങ്കയും ഉയരുന്നു. 

കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെയാണു വിതയ്ക്കാനുള്ള ഡ്രോൺ വാങ്ങിയത്. കർഷകർക്കും പാടശേഖര സമിതികൾക്കും കൃഷിവകുപ്പിൻ്റെ കാർഷിക യന്ത്രവൽക്കരണ പദ്ധതിയിലൂടെ സബ്സിഡി നിരക്കിൽ ഡ്രോൺ വാങ്ങാം. 

ENGLISH SUMMARY:

For the first time in the state, drone sowing has been successfully tested in Kuttanad.