ശുദ്ധജലത്തിന് പകരം ശുദ്ധവായുവാണ് ജലജീവന്‍മിഷന്‍ പൈപ്പുകളിലൂടെ കിട്ടുന്നതെന്ന് പ്രതിപക്ഷം നിയമസഭയില്‍.  ഫണ്ട് വിനിയോഗം പരിതാപകരമായതിനാല്‍ കേന്ദ്രഫണ്ട് പോലും ലഭിക്കാത്ത സ്ഥിതിയായി. കേരളത്തിലെ റോഡുകളാകെ കുഴിച്ച് കുളമാക്കിയെന്നും പ്രതിപക്ഷം  ആരോപിച്ചു. കേന്ദ്രം ഫണ്ട് നല്‍കുന്നതില്‍കാലതാമസം വരുത്തുന്നു, പ്രശ്നങ്ങളുള്ളത് ഒരുമിച്ചു പരിഹരിക്കണം എന്നായിരുന്നു അടിയന്തര പ്രമേയ നോട്ടിസിന് മറുപടിയായി മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞത്.   

കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള ജല ജീവന്‍മിഷന്‍ അപ്പാടെ താളംതെറ്റിയെന്ന് പറഞ്ഞുകൊണ്ടാണ്  പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉയര്‍ത്തിയത്.

പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ നേട്ടങ്ങളും എണ്ണിപറഞ്ഞു.  കണക്ഷന്‍ നല്‍കിയാല്‍മതിയോ അതില്‍കൂടി വെള്ളവും വരേണ്ടേ എന്നായി പ്രതിപക്ഷത്തിന്‍റെ ചോദ്യം. ഫണ്ട് ചെലവാക്കുന്നില്ലെന്നും അതിനാല്‍കേന്ദ്രം നല്‍കേണ്ട പണം ലഭിക്കാതെ പോകുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബജറ്റില്‍മാറ്റിവെച്ച 550 കോടിമാത്രം പോരെന്ന് മന്ത്രി തുറന്നു പറഞ്ഞു. പദ്ധതിക്കായി സംസ്ഥാനമെമ്പാടും കുഴിച്ചിട്ടിരിക്കുന്ന റോഡുകളുടെ അവസ്ഥ എം.എല്‍എമാര്‍ എണ്ണിപ്പറഞ്ഞു. ധനപ്രതിസന്ധി, കെടുകാര്യസ്ഥത ഏകോപനത്തിന്‍റെ കുറവ് എന്നിവ പ്രധാനപ്പെട്ട കുടിവെള്ള പദ്ധതിയെ ഇല്ലാതെയാക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

Emergency notice against Jal jeevan mission: