കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ച തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി. ധനസഹായം കൂടാതെ ബിനോയിയുടെ മകന് ജോലിയും വാഗ്ദാനം ചെയ്തു.
കുവൈത്തിലെ തീപിടിത്തത്തിൽ പൊലിഞ്ഞതാണ് ബിനോയ് തോമസിൻ്റെ കുടുംബത്തിൻ്റെ സ്വപ്നങ്ങൾ. അവിടേക്കാണ് കൈത്താങ്ങായി സർക്കാർ ധനസഹായമെത്തിയത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ ലോക കേരള സഭയിൽ ബിനോയിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. പ്രവാസി വ്യവാസായ പ്രമുഖരുൾപ്പെടെ നോർക്ക വഴി നൽകിയ ധന സഹായമാണ് ഇന്ന് കൈമാറിയത്.
മന്ത്രി കെ രാജൻ, മന്ത്രി ആർ ബിന്ദു, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. കുടുംബത്തിന് സർക്കാരിൻ്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധ ഉണ്ടാകുമെന്നും, വീട് പണി പൂർത്തിയാക്കാൻ തൃശൂർ കോർപറേഷൻ നേരിട്ട് ഇടപെടുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.