mohanlal-sureshgopi

ജനങ്ങൾക്ക് ഭരത്ചന്ദ്രനെ പോലെ ഒരാളെയാണ് ആവശ്യമെങ്കില്‍ താന്‍ ഭരത്ചന്ദ്രനായി പെരുമാറുമെന്ന് സുരേഷ് ഗോപി. ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലുണ്ട്. ആ ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കിൽ ഞാൻ ഭരത്ചന്ദ്രൻ ആയി ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും, ഭരത്ചന്ദ്രൻ ആയി എന്റെ ഉത്തരവാദിത്തം നിർവഹിക്കും, ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനൽകും എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

പോടാ എന്നു പോലും വിളിക്കാതിരുന്ന താന്‍ മറ്റുള്ളവരുടെ മുന്നില്‍ ധൈര്യത്തോടെ സംസാരിക്കാന്‍ തുടങ്ങിയത് രൺജി പണിക്കരുടെ പേനയും ഷാജികൈലാസിന്റെ സംവിധാനവും കാരണമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സഹപ്രവർത്തകരും കൂട്ടുകാരും ചേർന്ന്  തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഈക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തനിക്ക് ഉണ്ടായത് വ്യക്തിത്വ നഷ്ടമാണ്. എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളും കടമകളുമെല്ലാം എനിക്കറിയാം. എന്നാലും വ്യക്തിത്വത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഇപ്പോഴുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ എനിക്ക് കുറച്ച് ക്രമീകരണങ്ങള്‍ ആവശ്യമാണ്. രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ പലപ്പോഴും അച്ചടക്കത്തോടെ നിൽക്കേണ്ടി വരുന്നു എന്നത് എന്റെ ഹൃദയത്തിൽ അടിച്ചേൽപ്പിച്ച ഒരു കാര്യമാണ്. എന്‍റെ സ്വത്വം ചോദ്യം ചെയ്യപ്പെടുന്നു എന്ന അവസ്ഥയുണ്ടെങ്കില്‍ ഞാന്‍ അതില്‍ നിന്ന് രക്ഷ നേടാനായി കാത്തിരിക്കുന്നു. ഈക്കാര്യങ്ങള്‍ ഞാന്‍  മോഹൻലാലിനോടും രഞ്ജിത്തിനോടും ഫോണിൽ കൂടി പറഞ്ഞതാണ് എന്നും സുരേഷ് ഗോപി.

എന്‍റെ അച്ചടക്കവും നിഷ്ഠകളും മുൻശുണ്ഠിയും എന്‍റെ നേതാക്കൾക്കെല്ലാം അറിയാം. മോദിജി എന്നോട് ഇത് സൂചിപ്പിച്ചപ്പോഴും ഞാൻ പറഞ്ഞത്, അസാധ്യമാണ്. കാരണം ഞാൻ ഇതാണ്, ഇങ്ങനെയല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇഷ്ടമില്ലാത്ത എന്തുകാര്യവും ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തില്‍ പല വിഷയങ്ങളുണ്ടായപ്പോഴും കേസുകൾ ഉണ്ടായപ്പോഴും മോഹൻലാൽ എന്നെ വിളിച്ചു സുരേഷ് ഞാനെന്താണ് ചെയ്യേണ്ടത് എന്നു ചോദിച്ചിട്ടുണ്ടെന്നും  നിങ്ങള്‍ ഒന്നും ചെയ്യണ്ട, നിങ്ങളെ തന്നെ സംരക്ഷിക്കുക, ഞാനൊരു കുഴിയിലാണ്. ഞാൻ ഈ കുഴിയിൽ നിന്നു കയറിവരും. പക്ഷേ നിങ്ങൾക്കതിനായെന്ന് വരില്ല, ഈ കുഴിയിലേക്ക് ഇറങ്ങരുത് എന്നാണ് പറ‍ഞ്ഞിട്ടുള്ളതെന്നും  സുരേഷ് ഗോപി.

ഇപ്പോൾ പലരും കുറ്റം പറയുന്നുണ്ട്,‘അമ്മ’യിൽ ചെന്നപ്പോൾ എല്ലാവർക്കും എന്തൊരു സ്നേഹം, ഇവരൊക്കെ ഇലക്‌ഷൻ പ്രചരണകാലത്ത് എവിടെപ്പോയെന്ന്. ഞാനാണ് അവരെ വിലക്കിയത്. ഈ പരിഹാസം ഏറ്റുവാങ്ങാൻ അവരൊരു പാപവും ചെയ്തിട്ടില്ല, എന്നിട്ടും അവർ എന്നെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിൽ വന്നതിനു ശേഷം നിങ്ങൾ കാണുന്ന സുരേഷ് ഗോപി അല്ല, യഥാര്‍ഥ വ്യക്തിയെന്ന ആരോപണമുയരുന്നുണ്ട്. എന്നെ ചെറുതാക്കി കാണിക്കേണ്ടത് എതിർ രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. എന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിന്ന് എന്നെ ജയിപ്പിച്ച് എനിക്കൊപ്പം നിന്ന ജനതയാണ് എന്‍റെ ദൈവം എന്നും സുരേഷ് ഗോപി. എന്നെ വിശ്വസിച്ച് ഇറങ്ങി വന്ന എന്‍റെ ഭാര്യയെ ചോദ്യചിഹ്നമാക്കി മാറ്റുന്ന തരത്തില്‍ പോലും ഒരു രാഷ്ട്രീയ നീക്കമുണ്ടായി. അന്നാണ് ലോകമെമ്പാടുമുള്ള സ്ത്രീപക്ഷത്തു നിന്ന് ഇത്രയും ശക്തമായി എന്റെ പിന്നിൽ അണിനിരന്നത്.

ENGLISH SUMMARY:

Suresh Gopi's Words goes Viral