ഗുരുവായൂർ ദേവസ്വത്തിന്റെയും, ശബരിമല ക്ഷേത്രത്തിലെയും സ്വത്ത് വിവരങ്ങൾ മനോരമ ന്യൂസിന്. ഗുരുവായൂർ ദേവസ്വത്തിന് 271 ഏക്കർ ഭൂമിയും, 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപവുമാണുള്ളത്. എന്നാൽ ഗുരുവായൂർ ദേവസ്വത്തിലെയും ശബരിമലയിലെയും സ്വർണ്ണം അടക്കമുള്ള സ്വത്തുക്കളുടെ മൂല്യനിർണയം ഇതുവരെ നടത്തിയിട്ടില്ല എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഭക്തർ വഴിപാട് ആയി നൽകിയ 124 കിലോ പലതരം സ്വർണം. കല്ലുകൾ പതിപ്പിച്ച 72 കിലോ സ്വർണം വേറെ. 6,073 കിലോ വെള്ളി. 271 ഏക്കർ ഭൂമിയും, കേരള ബാങ്കിലെ 176 കോടിയടക്കം 2,053 കോടി രൂപയുടെ സ്ഥിര നിക്ഷേപവും. ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്ത് വിവരങ്ങൾ ആണിത്. എന്നാൽ കൈവശമുള്ള ഭൂമിയുടെ മാർക്കറ്റ് വിലയോ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും മൂല്യമോ ഇതുവരെ കണക്കാക്കിയിട്ടില്ല. സമാനമാണ് ശബരിമലയിലെ കാര്യവും. 227.82 കിലോ സ്വർണവും 2,994 കിലോ വെള്ളിയും ശബരിമലയിലുണ്ട്. ഇതിനെയും മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ല. പൗരാണിക ആസ്തികളുടെ മൂല്യനിർണയം നടത്താനുള്ള സാങ്കേതികപരിചയം ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാകുന്നത്
ശബരിമല ക്ഷേത്രത്തിലെ സ്ഥിരനിക്ഷേപം 41.74 ലക്ഷം രൂപ മാത്രമാണ്. ഹൈക്കോടതി നിർദേശപ്രകാരമുള്ള സർവേ നടക്കുന്നതിനാൽ ശബരിമല ക്ഷേത്രത്തിന്റെ ഭൂമിയുടെ കണക്ക് ലഭ്യമല്ല. ഗുരുവായൂർ ദേവസ്വത്തിൻ്റെ ഓഡിറ്റ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ഓഡിറ്റ് വിഭാഗമാണ് നടത്തുന്നത്. 2019 വരെ ലഭ്യമായിട്ടുള്ള ഓഡിറ്റ് റിപ്പോർട്ടുകളിൽ മൂല്യനിർണയം നടത്താത്തിനെ സൂചിപ്പിച്ചുകൊണ്ടുള്ള പരാമർശങ്ങൾ ഒന്നും തന്നെ ഉൾപ്പെട്ടിട്ടില്ലെന്നും രേഖകളിലുണ്ട്. തിരുപ്പതി അടക്കമുള്ള വലിയ ക്ഷേത്രങ്ങളിൽ സ്വത്തുക്കളുടെ മൂല്യനിർണയം കൃത്യമായി നടക്കുമ്പോഴാണ് ഗുരുവായൂരിലും ശബരിമലയിലും ഇത് നടക്കാത്തത്.