തിരുവനന്തപുരത്ത് സ്വകാര്യ കെയർ ഹോമിൽ കോളറ ബാധ . വയറിളക്കത്തേത്തുടർന്ന് അന്തേവാസിയായ യുവാവ് മരിച്ചു. 10 വയസുകാരന് കോളറ ബാധ സ്ഥിരീകരിച്ചു. സമാന ലക്ഷണങ്ങളോടെ ചികിൽസയിലുള്ള 12 പേർക്കും കോളറ തന്നെയാകാനാണ് സാധ്യതയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഐസലേഷൻ വാർഡുകൾ സജ്ജമാക്കാൻ ആരോഗ്യ മന്ത്രി നിർദേശിച്ചു.
നെയ്യാറ്റിൻകരയിൽ ഭിന്നശേഷിയുള്ളവർക്കായി നടത്തുന്ന ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റിയിലെ അന്തേവാസി അനുവിന്‍റെ മരണം കോളറ കാരണമെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ്. തൊളിക്കോട് സ്വദേശിയായ 26 കാരൻ വെളളിയാഴ്ചയാണ് മരിച്ചത്. തുടർന്ന് ഒപ്പം താമസിക്കുന്ന അന്തേവാസികളിൽ കൂടുതൽ പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടു. ഇതിൽ SAT യിൽ പ്രവേശിപ്പിച്ച 10 വയസുകാരന് കോളറ സ്ഥിരീകരിച്ചു. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ചികിൽസയിലുള്ള മറ്റ് 11 പേർക്കും കോളറ യാകാനാണ് സാധ്യതയെന്ന് ഡി എം ഒ അറിയിച്ചു.
മരിച്ച യുവാവിന് കോളറ ബാധ ഉണ്ടായിരുന്നോ എന്ന് ഇനി കണ്ടെത്താനാകില്ല. കോളറ യ്ക്കെതിരായ മരുന്ന് െകാടുത്തു തുടങ്ങിയതിനാൽ ചികിൽസയിലുള്ളവർക്കും രോഗം സ്ഥിരീകരിക്കാൻ കഴിയില്ല. അവസാനം ചികിൽസ തേടിയ 4 പേരുടെ സ്രവ സാം പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്ഥാപനത്തിലെ ഭൂരിഭാഗം പേരെയും വീടുകളിലേയ്ക്ക് മാറ്റി. സ്കൂൾ ഒരാഴ്ചത്തേയ്ക്ക് അടച്ചു. സ്ഥാപനത്തിലേയും മരിച്ച അനുവിന്‍റെ വീട്ടിലേയും സാം പിളുകൾ പരിശോധനയ്ക്കെടുത്തു. കൂടുതൽ രോഗികളുണ്ടായാൽ ഐരാളി മുട്ടത്ത് ഐസലേഷൻ കേന്ദ്രം തുടങ്ങും. കോളറ ഏറെക്കുറെ നിർമാജനം ചെയ്തെന്ന് മാനിച്ചിരുന്ന സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 9 കോളറ കേസുകളാണ് സ്ഥിരീകരിച്ചത്. 2017 നു ശേഷം കോളറ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതു കൊണ്ട് തന്നെ രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ തീവ്രപരിശോധനയാണ് നടത്തുന്നത്.