cusat-noaction

TOPICS COVERED

കലോത്സവത്തിനിടെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ  സിൻഡിക്കേറ്റ് അംഗത്തിനെ സംരക്ഷിച്ച് കുസാറ്റ് സർവകലാശാല. പെൺകുട്ടിയും  കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനും പി കെ ബേബിക്കെതിരെ പരാതി നൽകിയെങ്കിലും വിസി അവഗണിച്ചു. ആഭ്യന്തര അന്വേഷണം എങ്ങും എത്താത്തതിനെ തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. 

 

 മാർച്ചിൽ കലോത്സവത്തിനിടെ ഗ്രീൻ റൂമിൽ  സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർ കൂടിയായ പി കെ ബേബി കടന്നുപിടിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.  വിദ്യാർഥിനി ബഹളം വെച്ചതോടെ ബേബി പരസ്യമായി മാപ്പ് പറഞ്ഞു. ബേബിക്കെതിരെ നടപടി ആവശ്യപ്പെട്ട്  പെൺകുട്ടി വിസിക്ക് പരാതിയും നൽകി. കോളേജിലെ ഇന്റെർണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി കൈമാറിയ വി സി ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. പീഡനം ഉണ്ടായ മാർച്ചിൽ തന്നെ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വിസിക്ക് പരാതി നൽകിയിരുന്നു. ബേബി വലിയ രാഷ്ട്രീയ സ്വാധീനം  ഉള്ള ആളാണെന്നും സംഭവം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിരുന്നു. എന്നാൽ, നാലുമാസം കഴിഞ്ഞിട്ടും ബേബിക്കെതിരെ സർവകലാശാല ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി  ഇതുവരെ റിപ്പോർട്ട് സമർപ്പിക്കാത്തതാണ് നടപടിയെടുക്കാൻ വൈകുന്നതെന്നാണ് സർവകലാശാലയുടെ വാദം. 

കുസാറ്റിൽ പി കെ ബേബിക്കെതിരെ ആരോപണങ്ങൾ ഉയരുന്നത് ഇത് ആദ്യമായല്ല. 2008ൽ അനദ്ധ്യാപക തസ്തികയിൽ നിയമനം ലഭിച്ച പി കെ ബേബി  സ്വാധീനമുപയോഗിച്ച്  അസിസ്റ്റന്റ് പ്രഫസറിനു തുല്യമായ പദവിയും ശമ്പളവും നേടിയെടുത്തുവെന്ന് പരാതിയുണ്ടായിരുന്നു.  കഴിഞ്ഞവർഷം കുസാറ്റ് ടെക് ഫെസ്റ്റിനിടെ നാലു വിദ്യാർത്ഥികൾ മരിക്കാനിടയായ സംഭവത്തിൽ പി കെ ബേബിയ്ക്ക് എതിരെ പരാതിയുണ്ടായിരുന്നു . ചുമതലയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനാൽ  ബേബിയെ സിൻഡിക്കേറ്റ് ഉപസമിതിയിൽ നിന്ന് നീക്കിയെങ്കിലും പിന്നീട് തിരിച്ചുവന്നു. പെൺകുട്ടിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചു,  ഭീഷണിപ്പെടുത്തി തുടങ്ങിയ  വകുപ്പുകളിൽ ആണ്  കളമശ്ശേരി പോലീസ് കേസെടുത്തത്.  പി കെ ബേബിയെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

ENGLISH SUMMARY:

Cusat protect syndicate member who misbehave student; No action even after 4 months