ഗവേഷക വിദ്യാർത്ഥിയുടെ പിഎച്ച്ഡി പ്രബന്ധത്തിലെ തെറ്റുകുറ്റങ്ങൾചൂണ്ടിക്കാണിച്ചിട്ടും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നടപടിയെടുത്തില്ലെന്ന് മൂല്യനിർണയം നടത്തിയ അധ്യാപിക. പ്രബന്ധത്തിൽ ഗുരുതര തെറ്റുണ്ടായിട്ടും വിദ്യാർത്ഥിനിയെ സംരക്ഷിച്ച സർവ്വകലാശാല, ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ചുവെന്നും ഡോ. ദിവ്യ നെടുങ്ങാടി ആരോപിക്കുന്നു. സർവകലാശാലക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ദിവ്യയുടെ തീരുമാനം.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മോഹിനിയാട്ടം വകുപ്പ് ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമായ ഡോക്ടർ ദിവ്യ നെടുങ്ങാടിയാണ് പരാതിക്കാരി. കഴിഞ്ഞവർഷം ദിവ്യ അടക്കം മൂന്നുപേർ മൂല്യനിർണയം നടത്തിയ പി എച്ച് ഡി പ്രബന്ധത്തിൽ ഗുരുതരമായ തെറ്റുകുറ്റങ്ങൾ ദിവ്യ കണ്ടെത്തിയിരുന്നു. പകർപ്പവകാശ ലംഘനവും ഗവേഷക വിദ്യാർത്ഥി നടത്തിയെന്ന് മനസ്സിലാക്കിയ ദിവ്യ കുട്ടിയോട് വീണ്ടും പ്രബന്ധം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ തീസീസ് നിരസിക്കപ്പെട്ടാലുണ്ടാകുന്ന മാർഗ്ഗമാണ് യൂണിവേഴ്സിറ്റിയും വിദ്യാർത്ഥിയും തേടിയത്. അതായത് പുതുക്കിയ തീസിസ് ദിവ്യക്ക് മുൻപിൽ വീണ്ടും സമർപ്പിക്കുന്നതിന് പകരം നാലാമതൊരു അധ്യാപകനെ കൊണ്ട് മൂല്യനിർണയം ചെയ്തു. ഇത് സർവ്വകലാശാല ചട്ടങ്ങൾക്കെതിരെ ആണെന്നാണ് ദിവ്യയുടെ ആരോപണം. അങ്ങനെയെങ്കിൽ, വൈവയിൽ പങ്കെടുക്കാൻ വിദ്യാർത്ഥിക്ക് തടസ്സം ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞദിവസം നടന്ന വൈവയിൽ വിദ്യാർത്ഥി പങ്കെടുക്കുകയുണ്ടായി. മാത്രവുമല്ല ദിവ്യ ചൂണ്ടിക്കാണിച്ച തെറ്റുകൾ തിരുത്താതെയാണ് വിദ്യാർത്ഥി വൈവയിൽ പങ്കെടുത്തതെന്നും ആക്ഷേപമുണ്ട്. യൂണിവേഴ്സിറ്റിയിൽ പലവൃത്തി പരാതിപ്പെട്ടെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്ന് ദിവ്യ പറയുന്നു. ഇതിനെ തുടർന്നാണ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചത്.
വിധിനിരണയത്തിൽ സുതാര്യതയും സത്യസന്ധതയും നിലനിർത്താനുളള പോരാട്ടം താൻ തുടരുമെന്ന് ദിവ്യ പറയുന്നു. തെറ്റുകുറ്റങ്ങൾ നിറഞ്ഞ ഒരു പ്രബന്ധത്തിനായി ചട്ടങ്ങൾ വരെ കാറ്റിൽ പറത്തി സർവ്വകലാശാല നിലകൊള്ളുന്നത് എന്തിനെന്ന ചോദ്യം ആണ് ദിവ്യക്ക് ചോദിക്കാനുള്ളത്.