TOPICS COVERED

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കോളറ ബാധിച്ച്  മരണമെന്ന് സംശയം. ഹോസ്റ്റില്‍ താമസിച്ചിരുന്ന യുവാവ് വയറിളക്കം ബാധിച്ച  മരിച്ചതിനു പിന്നാലെ ഒപ്പം താമസിക്കുന്ന  കുട്ടിക്ക്  കോളറ സ്ഥിരീകരിച്ചു. തൊളിക്കോട് സ്വദേശി 26കാരൻ അനു ആണ് മരിച്ചത്.

നെയ്യാറ്റിൻകര തവരവിള ശ്രീ കാരുണ്യ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി അന്തേവാസി തൊളിക്കോട് സ്വദേശി  26കാരൻ അനു ആണ് മരിച്ചത്.   വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച്  ഇതേ സ്ഥാപനത്തിലെ 10  അന്തേവാസികളാണ് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്. 13 കാരനായ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. മറ്റുള്ളവരുടെ സ്രവ സാം പിളുകൾ പരിശോധനയ്ക്ക് അയച്ചു. 

വയറിളക്കത്തേത്തുടർന്ന് അനു വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഹോസ്റ്റലിലേക്ക് മടങ്ങിയ അനു വൈകിട്ടോടെ മരിച്ചു. സംഭവത്തിൽ  ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രി ഹോസ്റ്റലില്‍ പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസും അന്വേഷണം തുടങ്ങി.

സംസ്ഥാനത്ത് 6 മാസത്തിനിടെ 9 പേർക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. 2017 ലാണ് സംസ്ഥാനത്ത് ഒടുവിൽ കോളറ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യുന്നത്. വിബ്രിയോ കോളറേ എന്ന ഒരു ബാക്റ്റീരിയ ഉണ്ടാക്കുന്ന  കുടലുകളിലെ അണുബാധയാണ് കോളറ. കഞ്ഞിവെള്ളം പോലെ മലം പോകുന്ന വയറിളക്കമാണ് കോളറയുടെ ലക്ഷണം.  

രോഗാണുക്കൾ ഉള്ള വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് അസുഖം പകരുന്നത്. അസുഖമുള്ളവരുടെ മലത്തിലൂടെ പുറത്തുവരുന്ന ബാക്ടീരിയ  ജലസ് ത്രോതസുകളെ മലിനമാക്കും. ചെറിയ വയറിളക്കം മുതൽ മണിക്കൂറുകൾക്കുള്ളിൽ  മരണം വരെ സംഭവിക്കാം. ഉത്തരേന്ത്യയിൽ വ്യാപകമായ അസുഖം സംസ്ഥാനത്ത്  ഇതര സംസ്ഥാന തൊഴിലാളികളിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ENGLISH SUMMARY:

One death reported of diarrhea in Trivandrum Neyyattinkara. Cholera suspected.