കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് 15മാസമായി അബോധാവസ്ഥയിലായിരുന്ന നിയമവിദ്യാര്‍ഥിനി മരിച്ചു. കോളജിലേക്കുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. തോണ്ടന്‍കുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരന്‍ ആണ് 15 മാസത്തെ ദുരിതങ്ങള്‍ അവസാനിപ്പിച്ച് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. 24 വയസായിരുന്നു. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടമുണ്ടായത്.
കാറിന്റ ഇടിയില്‍ തെറിച്ചുവീണ വാണിയ്ക്ക് തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു. 3 മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണു പരിചരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. വസുദേവ് ആണ് സഹോദരന്‍.