തൃശൂർ തൈക്കാട്ടുശ്ശേരിയിൽ റെയിൽവേ ഗേറ്റ് അടയ്ക്കും മുമ്പേ തൊട്ടടുത്ത് ട്രെയിൻ എത്തി. സ്കൂൾ വാൻ ട്രാക്കിന് കുറുകെ കിടക്കുന്നതിനിടെയായിരുന്നു 300 മീറ്റർ അകലെ ട്രെയിൻ എത്തിയത്. ഗേറ്റ് കീപ്പർക്ക് സിഗ്നൽ കിട്ടാൻ വൈകിയതാണ് കാരണം.
ഇന്നു രാവിലെ 8.05ന് തൃശൂർ തൈക്കാട്ടുശ്ശേരി റയിൽവേ ഗേറ്റിന് അടുത്തായിരുന്നു ജനശതാബ്ദി ട്രെയിൻ എത്തിയത്.
ഈ സമയം ട്രെയിനിന് ഗ്രീൻ സിഗ്നൽ നൽകിയിരുന്നില്ല. സിഗ്നൽ കിട്ടാത്തതിനാൽ ട്രെയിൻ നിർത്തി. തൈക്കാട്ടുശ്ശേരി ഗേറ്റ് കീപ്പർക്ക് ഒല്ലൂർ സ്റ്റേഷനിൽ നിന്ന് സിഗ്നൽ നൽകാൻ വൈകിയിരുന്നു. മൂന്നു വിദ്യാർഥികളുമായി സ്കൂൾ വാൻ ഈ സമയം ട്രാക്ക് കുറുകെ കടക്കുകയായിരുന്നു. ട്രെയിൻ കണ്ടതോടെ ഡ്രൈവർ പരിഭ്രാന്തനായി. പെട്ടെന്ന് വാൻ ഓടിച്ച് മുന്നോട്ട് കയറ്റി. പിന്നാലെ ഗേറ്റ് അടച്ചു.
ഗേറ്റ് അടച്ച് ട്രെയിനിന് ഗ്രീൻ സിഗ്നൽ നൽകേണ്ടത് ഗേറ്റ് കീപ്പറാണ്. ഈ സിഗ്നൽ തെളിയാതെ ഒരിക്കലും ട്രെയിൻ കടന്നു പോകില്ല എന്നാണ് റയിൽവേയുടെ വിശദീകരണം. അതുകൊണ്ടുതന്നെ അപകടമുണ്ടാകില്ല. പരിഭ്രാന്തി വേണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.