ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചു. അതിരപ്പിള്ളി മുക്കമ്പുഴ ആദിവാസി പ്രകൃതിയിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വാഴച്ചാൽ റേഞ്ചിലെ വനത്തിൽവച്ച് പ്രസവിച്ചത്. ഏഴുമാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ രണ്ടു ദിവസം മുമ്പ് ഉൾക്കാട്ടിലേക്ക് പോയതാണ്.
ഇതിനിടെ പ്രസവവേദന അനുഭവപ്പെട്ട മിനിക്കുട്ടി കാട്ടിൽവച്ച് പ്രസവിച്ചു. കുഞ്ഞ് മരിച്ചതോടെ ഭർത്താവ് ആരോഗ്യപ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. വനംവകുപ്പും ആരോഗ്യപ്രവർത്തകരും മണിക്കൂറുകൾ തിരച്ചിൽ നടത്തിയ ശേഷമാണ് ദമ്പതികളെ കണ്ടെത്തിയത്. തുടർന്ന് യുവതിയെ റോഡ് മാർഗം നാട്ടിലെത്തിക്കാൻ കഴിയാതിരുന്നതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ റിസർവോയറിലൂടെ ബോട്ടിൽ പുറത്തെത്തിക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴയും കാറ്റും ഉണ്ടായത് രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കി. മുക്കമ്പുഴയിലെത്തിച്ച യുവതിയെ ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് ഗോപിനാഥ്, ജെഎച്ച്ഐ എം.എം. മനോജ്, ആരോഗ്യപ്രവർത്തകരായ ആർ.തങ്കഭായ്, ജോമി സി.ജെയിംസ്, എം.മഹേഷ്, ഡെപ്യൂട്ടി റേഞ്ചർ കെ.ഒ.ജോയ്, വനപാലകരായ പി.എസ്.ഷിജിൻ, ജോർജ് അഗസ്റ്റിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.