ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്‍റെ സ്ഥിരീകരണം. കണ്ണൂര്‍ എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒയാണ് ആകാശിന് ലൈസന്‍സില്ലെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് വയനാട് ആര്‍.ടി.ഒയ്ക്ക് കൈമാറി. നിയമലംഘനം നടത്തിയുള്ള ആകാശിന്‍റെ ഡ്രൈവിങില്‍ സ്വമേധയ കേസെടുത്ത ഹൈക്കോടതി നടപടിക്ക് നിര്‍ദേശിച്ചിരുന്നു.
പൊതുസ്ഥലത്ത് ഉണ്ടാകാന്‍ പോലും പാടില്ലാത്ത വാഹനമോടിക്കുന്നത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പിഴയിൽ മാത്രം ഒതുങ്ങിയിരുന്ന ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് കൂടിയില്ലെന്ന് കണ്ടെത്തിയതോടെ കുരുക്ക് കൂടുതൽ മുറുകുകയാണ്
വയനാട് പനമരം ടൗണിലൂടെയാണ് നമ്പര്‍പ്ലേറ്റില്ലാത്ത തുറന്ന ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശും സുഹൃത്തുക്കളും സവാരി നടത്തിയത്. ഇതിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് വിവാദമായതും നടപടിയുണ്ടായതും.