നാടെങ്ങും പനിഭീതി നിലനില്‍ക്കെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് പുല്ലുവില കല്‍പ്പിച്ച് എറണാകുളം ജനറല്‍ ആശുപത്രി അധികൃതര്‍. ആശുപത്രിയിലെ സെപ്റ്റിക് ടാങ്കുകള്‍ പൊട്ടിയൊലിച്ച് ആശുപത്രി പരിസരവും പൊതുനിരത്തും ശുചിമുറി മാലിന്യത്തില്‍ മുങ്ങിയിട്ട് മാസങ്ങളായി. സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാരടക്കം പലതവണ സൂപ്രണ്ടിനോടും നഗരസഭയോടും പരാതി നല്‍കിയിട്ടും മാലിന്യം നീക്കാന്‍ നടപടിയില്ല.
ചികിത്സതേടിയെത്തുന്ന രോഗികളെ മാറാരോഗികളാക്കുകയാണ് എറണാകുളം ജനറല്‍ ആശുപത്രി. ശുചിത്വം തൊട്ടുതീണ്ടാത്ത ആശുപത്രി പരിസരത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകാന്‍ തുടങ്ങിയിട്ട് മൂന്നുമാസത്തിലേറെയായി. ആശുപത്രി പരിസരവും കടന്ന് മാലിന്യം റോഡിലേക്ക് നിറഞ്ഞൊഴുകി. എന്നിട്ടും സൂപ്രണ്ടിനും കൂട്ടര്‍ക്കും കുലുക്കമില്ല. ആശുപത്രിക്കുള്ളില്‍ പ്രസവവാര്‍ഡിന് സമീപം തളംകെട്ടിയായിരുന്നു മാലിന്യം. ജനങ്ങള്‍ പ്രതികരിച്ചതോടെ കണ്ണില്‍പൊടിയിടാന്‍ ശുചീകരണം.