ഐ.എസ് ആർ.ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സി.ഐ ആയിരുന്ന എസ്.വിജയന്റെ സൃഷ്ടിയാണ് കേസെന്ന് സിബിഐ ആരോപിക്കുന്നു. വിജയൻ ഹോട്ടലിൽ വച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധ കാരണമെന്നാണ് കണ്ടെത്തൽ. കുറ്റം ചെയ്തത് ആരെന്ന് അറിയാനായിരുന്നു തന്റെ 20 വര്‍ഷത്തെ പോരാട്ടമെന്നും അതാണ് ഫലം കണ്ടെതെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.
വ്യാജതെളിവും രേഖകളും ഉണ്ടാക്കാൻ അന്യായമായ ദേഹോപദ്രവം ഏൽപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥർ ചേർന്ന് വ്യാജതെളിവ് ഉണ്ടാക്കൽ, കേസിനായി വ്യാജരേഖ ചമയ്ക്കൽ, കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കൽ, അന്യായമായി തടഞ്ഞുെവയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അഞ്ചു പ്രതികൾക്കെതിരെ കുറ്റപത്രത്തിലുള്ളത്.
മറിയം റഷീദയെ ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് റജിസ്റ്റർ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയിൽ നൽകാതിരുന്നതിനെ തുടർന്നായിരുന്നു ഇത്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പിറ്റേ ദിവസം മുതൽ മാധ്യമങ്ങളിൽ വാർത്ത വന്നു. ചാരക്കേസ് വിവരങ്ങൾ ചോർത്തി നൽകിയത് എസ് വിജയനാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ടെന്നും സി.ബി.ഐ പറയുന്നു. നമ്പി നാരായണൻ കസ്റ്റഡിയിൽ മൃതപ്രായനായെന്നും പോലീസ് കസ്റ്റഡിയിൽ മർദനം ഏറ്റെന്നും ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്.
ഇനിയും മർദിച്ചാൽ മരിച്ചു പോകുമെന്ന് താൻ പോലീസിന് മുന്നറിയിപ്പ് നൽകിയെന്നും ഡോ സുകുമാരൻ മൊഴി നൽകി. അവശനായ നമ്പിക്ക് ചികിത്സ വേണമെന്ന് പറഞ്ഞത് കെ.കെ. ജോഷ്വയാണെന്ന് എന്ന് റിട്ട എസ്പി ബേബി ചാൾസും മൊഴി നൽകി. എച്ച് എല്ലിന്റെ ഗസ്റ്റ്ഹൗസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ നമ്പി നാരായണനെ ഐബിയും ചോദ്യം ചെയ്തെന്നും സിബി മാത്യൂസ് എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരള പോലീസ് മുൻ ഡിവൈ.എസ്.പി. കെ.കെ. ജോഷ്വ, ഐ.ബി. മുൻ ഇൻസ്പെക്ടർ പി.എസ്.ജയപ്രകാശ് എന്നീ അഞ്ചു പേരെ പ്രതികളാക്കിയാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീംകോടതി തന്നെയാണ് ഉത്തരവിട്ടത്.