ക്രിമിനൽ കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമ വിരുദ്ധമായി ഓടിച്ചു വിവാദമായ ജീപ്പ് പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജലാണ് വാഹനം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. നേരത്തേ ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ ഷൈജലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജീപ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ച ഷൈജലിന്റെ ബന്ധുവീട്ടിൽ നിന്ന് നാലു ടയറുകളും കണ്ടെടുത്തു. ഷൈജലിന്‍റെ ബന്ധുവിന്‍റെ പനമരം കൂളിവയലിലെ വീട്ടിൽ ടാർപായ വെച്ച് മറച്ചു വെച്ചായിരുന്നു ടയർ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ബാറ്ററി കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് ഷൈജൽ ടയറും ബാറ്ററിയും ഊരി മാറ്റി ജീപ്പ് പനമരം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് ഷൈജലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഒളിപ്പിച്ചുവെച്ച ടയറുകൾ കണ്ടെത്താനായത്.
ഇന്ന് രാവിലെയാണ് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജൽ ജീപ്പ് പനമരം സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചും ടയറുകളടക്കം രൂപമാറ്റം വരുത്തിയത് നേരെയാക്കിയ നിലയിലുമായിരുന്നു. ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാദ യാത്രക്ക് ആകാശിനൊപ്പം ഉണ്ടായിരുന്നയാളെന്ന നിലക്ക് ഷൈജലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ നിരവധി ക്രിമിനൽ ക്കേസിൽ പ്രതിയാണ് ഷൈജൽ.
കഴിഞ്ഞ ഏഴിനു പനമരത്ത് നടത്തിയ യാത്രക്കു ശേഷം മോട്ടർ വാഹന വകുപ്പ് വാഹനയുടമക്ക് നേരെ കടുത്ത നടപടി സ്വീകരിച്ചിരുന്നു, കരിമ്പട്ടികയിൽ ഉൾപെടുത്തി, ആർ സി സസ്പെൻട് ചെയ്യാൻ ശുപാർശ ചെയ്തു. 45, 500 രൂപ പിഴയും ഈടാക്കി. അതിനിടയിലാണ് വാഹനത്തിലുണ്ടായിരുന്നവർ തന്നെ ജീപ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വാഹനം മോട്ടോർ വാഹന വകുപ്പ് ഇന്ന് പരിശോധിക്കും.
അതേ സമയം ലൈസൻസ് ഇല്ലാതെ ജീപ്പ് ഓടിച്ച ആകാശ് തില്ലങ്കേരിക്കേതിരെ ഒരു നടപടി സ്വീകരിച്ചിട്ടില്ല.