Representational Image

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതിന് എതിരെയും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അനധികൃത ബോർഡ് വെച്ച് യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരൊക്കെ സാധാരണക്കാരെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നതെന്ന് കോടതി പറഞ്ഞു. ഗതാഗത നിയമലംഘനങ്ങളിൽ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.

തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരൊക്കെ വലിയ ബോർഡും വച്ചാണ് യാത്ര ചെയ്യുന്നത്.  ഈ ബോർഡ് വച്ച് പോകുന്നവർ സാധാരണക്കാരുടെ പിന്നിലൊക്കെ വന്ന് ഹോണ്‍‍ മുഴക്കും. ഇതുകണ്ട് പൊലീസുകാർ മര്യാദക്ക് വാഹനമോടിക്കുന്നവരെ ചീത്തവിളിക്കും. കേരളത്തിലല്ലാതെ ഇതൊക്കെ നടക്കുമോ എന്നായിരുന്നു ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും, ഹരിശങ്കർ.വി.മേനോനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചത്. 

കേരളത്തിലല്ലാതെ ഇതൊക്കെ നടക്കുമോ?

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് നിയമം ലംഘിച്ച് വാഹനങ്ങളിൽ ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നത്. ഇവരെങ്ങനെയാണ് നിയമം ലംഘിക്കുന്ന ബസുകൾക്ക് ഉൾപ്പെടെയുള്ളവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. ജില്ലാ കലക്ടർമാർ ഉൾപ്പെടെ വാഹനത്തിൽ ഇല്യൂമിനേറ്റ് ചെയ്ത ബോർഡാണ് ഉപയോഗിക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. കഴിഞ്ഞദിവസം താമസസ്ഥലത്തേക്ക് പോയ ഐജി വാഹനത്തിന്റെ മുകളിൽ ഫ്ലാഷ് ലൈറ്റ് മിന്നിക്കുന്നതു കണ്ടു.  അടിയന്തരാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ അടിയന്തര ഘട്ടത്തിൽ മാത്രമാണ് ഇത് ഉപയോഗിക്കേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു. ആകാശ് തില്ലങ്കേരിയുടേതടക്കം സമീപകാലത്തുണ്ടായ ഗതാഗത നിയമ ലംഘനങ്ങളിൽ എടുത്തിരിക്കുന്ന നടപടികൾ അറിയിക്കാനും കോടതി നിർദ്ദേശം നൽകി. 

ENGLISH SUMMARY:

High Court says modified vehicles are used by IAS, IPS and officers