വീട്ടിലും പരിസരത്തും കൊതുക് പെരുകാന്‍ സാഹചര്യമുണ്ടാക്കിയെന്ന് കാണിച്ച് ഇരിങ്ങാലക്കുട മുരിയാട് സ്വദേശിക്ക് കോടതി 2000 രൂപ പിഴ വിധിച്ചു. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്പര്‍വൈസര്‍ ഫയല്‍ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. ഈ നിയമപ്രകാരം സംസ്ഥാനത്ത് വിധിക്കുന്ന ആദ്യ ശിക്ഷയാണിതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രദേശത്ത് ഡെങ്കിപ്പനി വ്യാപകമായപ്പോള്‍ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ മുരിയാട് സ്വദേശി വീഴ്ച വരുത്തിയതോടെയാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കേസെടുത്തത്. കൊതുകിന്‍റെ കൂത്താടികള്‍ വളരാനുള്ള സാഹചര്യം നിലനിര്‍ത്തിയെന്നും ശുചീകരണത്തിന് തയ്യറായില്ലെന്നുമായിരുന്നു ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി പടരുകയാണ്. തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ഈമാസം ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കൊല്ലം ജില്ലയില്‍ മാത്രം 700ലേറെപ്പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 754 പേരും ഡെങ്കിപ്പനി ബാധിതരായി. ഒരാള്‍ മരിച്ചു. അതിനിടെ രാജ്യത്ത് ഡെങ്കിപ്പനി പടരുന്നത് കണക്കിലെടുത്ത് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉന്നതാധികാര സമിതി യോഗം വിളിച്ചു. ബോധവല്‍ക്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഹെല്പ്ലൈന് നമ്പര്‍ സജ്ജമാക്കും.