കാലാവസ്ഥയിലെ അതിവേഗ മാറ്റങ്ങള്‍ രാജ്യത്തെ ഡെങ്കിമരണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. പൂണെ ഐഐടിഎമ്മിലെ കാലാവസ്ഥ ശാസ്ത്രജ്ഞരായ ഡോ. റോക്സി മാത്യു കോള്‍, സോഫിയ യാക്കൂബ് എന്നിവര്‍ നടത്തിയ പഠനത്തിലേതാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. 'നേച്ചര്‍' മാസികയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പ്രദേശത്തെ താപനില 27 ഡിഗ്രി സെല്‍സ്യസിന് മുകളിലും ഒപ്പം മിതമായ മഴയും, അന്തരീക്ഷ ഈര്‍പ്പം 60 ശതമാനത്തിനും 80 ശതമാനത്തിലും ഇടയിലാണെങ്കില്‍ ഡെങ്കിപ്പനി മരണങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയേറെയാണെന്നാണ് പൂണെ നഗരത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. എന്നിരുന്നാലും ആഴ്ചയില്‍ 150 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴ ഒരു പ്രദേശത്ത് ലഭിച്ചാല്‍ അത് ഡെങ്കി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ശക്തമായ മഴയില്‍ കൊതുകിന്‍റെ മുട്ടകളും ലാര്‍വയും കുത്തിയൊലിച്ച് പോകുമെന്നതാണ് കാരണം.
ഡെങ്കി മരണങ്ങളില്‍ താപനില, മഴ, ഈര്‍പ്പം (Humidity) എന്നിവ ചെലുത്തുന്ന സ്വാധീനമായിരുന്നു പഠന വിഷയം. കാലാവസ്ഥയിലെ മാറ്റം കൊണ്ടുമാത്രം പൂണെയിലെ ഡെങ്കി മരണങ്ങളില്‍ 2021–2040 കാലത്ത് 13 ശതമാനം വര്‍ധന ഉണ്ടായേക്കാമെന്നാണ് പ്രവചനം. താപനിലയിലെ വര്‍ധനവും കണക്കു തെറ്റുന്ന കാലവര്‍ഷവുമാണ് ഇതിന് കാരണം.
പൂണെ നഗരത്തെ അടിസ്ഥാനമാക്കിയാണ് പ്രവചനങ്ങളെങ്കിലും രാജ്യത്തെങ്ങും ഇത് ബാധകമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തരമായി കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ഡെങ്കിപ്പനി വന്‍ നാശം വിതയ്ക്കുമെന്നും ആരോഗ്യ സംവിധാനങ്ങളെ ഇത് തകിടം മറിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. കേരളം, മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്നറിപ്പുകള്‍ യഥാസമയം നല്‍കാനായാല്‍ ഇവിടങ്ങളിലെ ഡെങ്കിപ്പനി മരണങ്ങള്‍ കുറയ്ക്കുകയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനുമാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ആരോഗ്യ വിവരങ്ങളുടെ സമഗ്രമായ ശേഖരണവും പങ്കുവയ്ക്കലുമാണ് ഡെങ്കിക്കെതിരായ മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന്. ഇതിനാവട്ടെ അതത് സംസ്ഥാനങ്ങളുടെ പൊതുജനാരോഗ്യ വിഭാഗങ്ങളുടെ സഹകരണം അത്യാവശ്യവുമാണ്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്‍റെ 282 ഇരട്ടിയാണ് രാജ്യത്ത് ശരിക്കുമുള്ള ഡെങ്കി കേസുകളെന്ന വാദവും പഠനം ഉന്നയിക്കുന്നു. രാജ്യത്തെ ഓരോ സംസ്ഥാനത്തെയും കാലാവസ്ഥാ വിവരങ്ങള്‍ ഐഎംഡി നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ആരോഗ്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സംസ്ഥാനങ്ങള്‍ സഹകരിച്ചാല്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താനാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.