chandy-oommen

വിഴിഞ്ഞത്തെത്തിയ ആദ്യ മദർഷിപ്പിന് സ്വീകരണം നൽകുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് ജനാധിപത്യവിരുദ്ധമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പേരിട്ടാലും ഇല്ലെങ്കിലും ജനങ്ങളുടെ മനസില്‍ വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടിയുടേതാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. വി‍ഡി സതീശനെ വിളിച്ചിരുന്നെങ്കില്‍ അദ്ദേഹം പോയി യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞേനെ. അത് ചരിത്രത്തിന്‍റെ ഭാഗമാകുമായിരുന്നു. ആ പേടി കൊണ്ടാണ് ചരിത്രത്തെ മായ്ക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍‌ പറഞ്ഞു.

വിഴിഞ്ഞം തുറമുഖനിര്‍മാണം കടല്‍ക്കൊള്ളയെന്ന് ആരോപിച്ച് എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. റിപ്പോര്‍ട്ടില്‍ യുഡിഎഫിനെതിരെ ഒന്നുമുണ്ടായില്ല. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോയ്ക്ക് തറക്കല്ലിട്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ആ പദ്ധതികള്‍ എങ്ങുമെത്തിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയും യുഡിഎഫ് കൊണ്ടുവന്ന പദ്ധതികളാണ്. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇടതുഭരണത്തില്‍ ഉണ്ടായതെന്നും ചാണ്ടി അവകാശപ്പെട്ടു.

മെട്രോ ഉദ്ഘാടനസമയത്തും സര്‍ക്കാര്‍ ഇതേ സമീപനമാണ് സ്വീകരിച്ചതെന്നും പുതുപ്പള്ളി എംഎല്‍എ ആരോപിച്ചു. പുതിയ സര്‍ക്കാര്‍ വന്ന് ഏതാനും മാസങ്ങള്‍ക്കുശേഷം നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷത്ത് നിന്ന് ആരെയും വിളിച്ചില്ല. യുഡിഎഫിന്റെ നേട്ടങ്ങള്‍ മറച്ചുപിടിക്കാന്‍ അന്ന് നടത്തിയ ശ്രമം തന്നെയാണ് ഇന്നും തുടരുന്നത്. തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടിട്ടും സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ല. ബിജെപി ഡല്‍ഹിയില്‍ എന്ത് കാണിക്കുന്നോ അത് തന്നെയാണ് കേരളത്തില്‍ പിണറായി സര്‍ക്കാരും കാണിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.