- 1

സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക്  കോടികളുടെ ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ഗുരുതര പിഴവുകൾ കണ്ടെത്തിയത്. മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് പന്ത്രണ്ടേകാൽ കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി റിപ്പോർട്ട്‌. 

 

സി പി എം ന്റെ നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണ ബാങ്ക് ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന അക്കമിട്ട് നിരത്തിയ ഓഡിറ്റ് റിപ്പോർട്ടാണ് പുറത്തുവന്നത്. സഹകരണസംഘ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെ മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ചു. കമ്പനിയുടെ 97% ഓഹരിയും ബാങ്കിന്റെ പേരിലാണ്. യാതൊരു ഈടുമില്ലാതെ മാക്സി മൂന്നാറിന് ചട്ടവിരുദ്ധമായി അനുവദിച്ചത് 12 കോടി 25 ലക്ഷം രൂപ. ബാങ്കിൻറെ പൊതു ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഹോട്ടലിന് ക്രമവിരുദ്ധമായി കരാർ ഉണ്ടാക്കി കമ്പനിക്ക് കീഴിലാക്കി. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കൻ ബാങ്ക് തുടങ്ങിയ പദ്ധതികളിലും ക്രമക്കേടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് പദ്ധതികളുടെ പ്രവർത്തനങ്ങൾ. ഇതിലൂടെ ബാങ്കിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാകുമെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ.  

സഹകരണ നിയമ ഭേദഗതി പ്രകാരം അംഗീകാരം നഷ്ടമാകുമെന്ന കാരണത്താൽ മാക്സി മൂന്നാറിന്റെ പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് ബാങ്കിന്റെ വിശദീകരണം. കമ്പനിയുടെ വരവ് ചെലവ് കണക്കുകൾ സഹകരണ വകുപ്പിന് ബോധ്യപ്പെടുത്തി എന്നും അടുത്ത സാമ്പത്തിക വർഷത്തെ ഓഡിറ്റിങിൽ ഈ കാര്യം വ്യക്തമാകുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.  

ENGLISH SUMMARY:

Financial fraud in CPM-ruled Munnar Service Cooperative Bank