കോഴിക്കോട് ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന നവകേരള ബസിന് ചെലവ് കാശ് കിട്ടുന്നത് വല്ലപ്പോഴും മാത്രം. ആളില്ലാത്തത് കാരണം രണ്ട് ദിവസമായി നിര്‍ത്തിവച്ച ബസിന് യാത്ര തുടരണമെങ്കില്‍ തിരുത്തലുകള്‍ വരുത്തിയേ മതിയാകൂ. ഗംഭീര തുടക്കം. മന്ത്രിസഭ സഞ്ചരിച്ച ബസിന് നാടെങ്ങും വരവേല്‍പ്. ബസില്‍ കയറാന്‍ ഒാണ്‍ ലൈനില്‍ ആളുകള്‍ ഇടിച്ചുനിന്നു. മുഖ്യമന്ത്രി കസേരയ്ക്കായിരുന്നു പിടിവലി. ഇനി ദിവസങ്ങള്‍ക്കുള്ളില്‍ പവനായി ശവമായതെങ്ങനെയെന്ന് നോക്കാം.
പ്രതീക്ഷിച്ചത് കോഴിക്കോട് ബെംഗളൂരു ടിക്കറ്റ് നിരക്ക് 1240രൂപ. ആകെയുള്ള 25 സീറ്റും രണ്ട് ട്രിപ്പിലും നിറഞ്ഞാല്‍ 62000 കിട്ടും. ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കം ഒരുതവണ ബസിന് ചെലവ് 32000 രൂപ. ബാക്കി ലാഭം. ഇതായിരുന്നു പ്രതീക്ഷ
പക്ഷെ ഫലം മറ്റൊന്നായിരുന്നു. ഇനിഅവസാന രണ്ടാഴ്ചത്തെ കണക്ക് നോക്കുക. അന്‍പതിനായിരത്തിന് മുകളില്‍ കലക്ഷന്‍ കിട്ടിയത് ഒറ്റദിവസം. സീറ്റ് നിറഞ്ഞ് ഒാടിയ ഒരു ദിവസം പോലുമില്ല. അങ്ങോട്ടും ഇങ്ങോട്ടും കൂടി സഞ്ചരിച്ചവരുടെ എണ്ണം എടുത്താല്‍ പോലും സീറ്റിങ് കപ്പാസിറ്റി തികയാത്ത ദിവസങ്ങള്‍ കുറവ്. ജൂലൈ ഒന്ന് തിങ്കളാഴ്ച അങ്ങോട്ട് 13പേര്‍ ഇങ്ങോട്ട് എട്ട്. വരുമാനം 22357 രൂപ. അവസാനം സര്‍വീസ് നടത്തിയ ചൊവ്വാഴ്ച. അങ്ങോട്ടേക്ക് 10 ഇങ്ങോട്ട് മൂന്ന് പേര്‍. വരുമാനം 14,760 രൂപ. ആളില്ലാത്തത് കാരണം മിനിഞ്ഞാന്നും ഇന്നലെയും ബസ് ഒാടിയില്ല. ചുരുക്കത്തില്‍ ശനിയും ഞായറും ഒഴിച്ചുള്ള ദിവസങ്ങളെല്ലാം കനത്തനഷ്ടം
എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതാണ് ഇനി. മറ്റ് ബസുകള്‍ ടിക്കറ്റ് ചാര്‍ജ് 700 രൂപയുള്ളപ്പോള്‍ നവകേരളബസില്‍ 1240 രൂപ . ഏത് സ്റ്റോപ്പില്‍ നിന്ന് കയറിയാലും ഫുള്‍ നിരക്ക് നല്‍കണം . അശാസ്ത്രീയ സമയക്രമമാണ് മറ്റൊന്ന്. പുലര്‍ച്ച നാലുമണിക്ക് കോഴിക്കോട് നിന്ന് വിടുന്ന ബസില്‍ കയറാന്‍ മിക്കപ്പോഴും ആരുമുണ്ടാകില്ല.
എങ്ങനെ തിരുത്തുമെന്നത് കൂടി നോക്കാം. സമയം മാറ്റുക, ബെംഗളൂരുവിലേക്കുള്ള സര്‍വീസ് ഒഴിവാക്കി കോഴിക്കോട് തിരുവനന്തപുരം റൂട്ടില്‍ ഒാടിക്കുക, സീറ്റുകളുടെ എണ്ണം കൂട്ടുക, ഇതിനായി ശുചിമുറി എടുത്ത് കളയുക തുടങ്ങിയവയാണ് ജീവനക്കാര്‍ മുന്നോട്ടുവയ്ക്കുന്ന തിരുത്തല്‍ നിര്‍ദേശങ്ങള്‍.