facebook/ Kerala Public Service Commission

പിഎസ്‌സി നിയമനത്തിനുള്ള കോഴ വിവാദത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രമോദ് കോട്ടൂളിക്കൊപ്പം ഇടപാടിന് ചുക്കാന്‍ പിടിച്ചത് ബിജെപി പ്രാദേശികനേതാവാണെന്ന് സിപിഎം അന്വേഷണകമ്മീഷന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണത്തിന്‍റെ പങ്കും ബിജെപി നേതാവിന് ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. നാളെ ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങളില്‍ പ്രമോദിനെതിരായ നടപടി തീരുമാനിക്കും.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ആയുഷ് മിഷനില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്താണ് 22 ലക്ഷം രൂപ വാങ്ങിയത്. ഈ ഇടപാട് കൈകാര്യം ചെയ്തത് മൂഴിക്കല്‍ സ്വദേശിയായ ബിജെപി പ്രാദേശിക നേതാവാണ്. കിട്ടിയ പണത്തില്‍ നിന്ന് ചെറുതല്ലാത്ത തുക ഇയാള്‍ വാങ്ങിയെടുക്കുകയും ചെയ്തു. ഇതിനൊപ്പം ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചമഞ്ഞ് പരാതിക്കാരെ ഫോണ്‍ ചെയ്തതും ഈ ബിജെപി നേതാവാണെന്നാണ് സംശയം. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രമോദ് പരാതിക്കാരില്‍ നിന്ന് പണം തട്ടിയെടുത്തത് എന്നാണ് അന്വേഷണ കമ്മീഷന്‍റെ വിലയിരുത്തല്‍.

പണം പോയതിന്‍റെ ആശങ്കയില്‍ പരാതിക്കാര്‍ പലപ്പോഴും പ്രമോദിനെ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. അപ്പോള്‍ ആരോഗ്യമന്ത്രിയുടെ ഓഫിസിന് മുന്നിലുള്ള സെല്‍ഫി അയച്ചുകൊടുത്താണ് പ്രമോദ് പരാതിക്കാരുടെ വിശ്വാസം പിടിച്ചുപറ്റാറുള്ളത്. ആദ്യഘട്ടത്തില്‍ വാഗ്ദാനം ചെയ്ത ആയുഷ്മിഷനിലെ ഉയര്‍ന്ന പദവി നടക്കാതെ വന്നതോടെ പിഎസ്എസി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്തു. പണം കൈക്കലാക്കാന്‍ എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍റെയും സച്ചിന്‍ ദേവിന്‍റെയും പേര് ഉപയോഗിക്കുന്ന ഫോണ്‍ സംഭാഷണവും അന്വേഷണകമ്മീഷന് ലഭിച്ചിട്ടുണ്ട്. 

നാളെയാണ് സിപിഎം സെക്രട്ടേറിയറ്റും ജില്ലാകമ്മറ്റിയും. തെറ്റു ചെയ്തിട്ടില്ലെന്നും ആരാപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു പ്രമോദ് പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. ഈ മറുപടിക്കൊപ്പം ലഭ്യമായ തെളിവുകള്‍ കൂടി പരിശോധിച്ചാകും പ്രമോദിനെതിരായ നടപടി തീരുമാനിക്കുക. 

ലഭിക്കുന്ന വിവരമനുസരിച്ച് പ്രമോദിനെതിരെ കടുത്ത നടപടി ഉണ്ടാകാന്‍ തന്നെയാണ് സാധ്യത. ഒരുപക്ഷെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍പോലും അല്‍ഭുതപ്പെടാനില്ല. അതേസമയം ഇടപാടില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് തെളിയുന്നതോടെ വെറുമൊരു പാര്‍ട്ടി അന്വേഷണത്തില്‍ മാത്രം ഇതൊതുക്കുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.