- 1

ഇനി അതിവേഗമുള്ള കുതിപ്പാണ് വിഴിഞ്ഞത്ത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തുറമുഖത്തിന്‍റെ അടുത്ത മൂന്നുഘട്ടങ്ങൾ നിശ്ചയിച്ചതിലും 15 വർഷം നേരത്തെ പൂർത്തിയാക്കും. 'സാൻ ഫെർണാണ്ടോ ' നാളെ മടങ്ങുന്നതിന് പിന്നാലെ, രണ്ട് ഫീഡർ ഷിപ്പുകളും അടുത്തയാഴ്ച ഒരു മദർഷിപ്പും തുറമുഖത്തെത്തും. 

 

800 മീറ്റർ ബെർത്തും, 3000 മീറ്റർ ബ്രേക്ക് വാട്ടറുമായി ഒരേ സമയം രണ്ട് മദർ കണ്ടെയ്നർ ഷിപ്പുകൾക്ക് എത്താൻ കഴിയുന്നതാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ഒന്നാം ഘട്ടം. തിൻ്റെ ട്രയൽ റണിനാണ് ഇന്നലെ ' സാൻ ഫെർണാണ്ടോ ' തീരം തൊട്ടതോടെ തുടക്കമായത്. വർഷം പത്ത് ലക്ഷം TEU കണ്ടെയ്നറുകൾ ഒന്നാം ഘട്ടത്തിൽ തുറമുഖത്തിന് കൈകാര്യം ചെയ്യാനാകും. രണ്ടും മൂന്നും നാലും ഘട്ടം പൂർത്തിയാകുന്നതോടെ ബെത്തിൻ്റെ നീളം രണ്ടായിരം മീറ്റർ ആയും കൈകാര്യം ചെയ്യാൻ കഴിയുന്ന കണ്ടെയ്നറുകളുടെ എണ്ണം വർഷം 30 ലക്ഷമായും വർദ്ധിക്കും. ഒരേ സമയം 5 മദർ ഷിപ്പുകൾക്ക് വരാനാകും. ഈ തരത്തിൽ 2028ഓടെ വിഴിഞ്ഞം അതിൻ്റെ സമ്പൂർണ ശേഷിയിൽ എത്തും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

കമ്മീഷനിങ് കഴിഞ്ഞ ഒരു തുറമുഖം പോലെ തന്നെയാണ് ട്രയല് റണിൽ തുറമുഖം പ്രവർത്തിക്കുക. തുറമുഖത്തിന് കപ്പൽ പ്രവേശന ഫീസ് നൽകണം. ഇറക്കുന്ന ചരക്കുകൾക്ക് കസ്റ്റംസ് നികുതിയും നൽകണം. ചുരുക്കത്തിൽ ട്രയൽ റൺ കാലത്തു തന്നെ തുറമുഖത്തിന് വരുമാനം കിട്ടി തുടങ്ങും. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നികുതി വരുമാനവും. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ തുറമുഖത്ത് എത്തും.

ഇന്നലെ എത്തിയ സാൻ ഫെർണാണ്ടോയിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കുന്നത് തുടരുന്നു. സെമി ഓട്ടോമാറ്റഡ് ക്രെയിനുകൾ ആദ്യമായി പ്രവർത്തിപ്പിക്കുന്നത് ആയതിനാൽ ചെറിയ കാലതാമസം കണ്ടെയ്നറുകൾ ഇറക്കുന്നത്തിൽ ഉണ്ട്. ഇതൊക്കൊണ്ടാണ് സാൻ ഫെർണാണ്ടോയുടെ മടക്കം നാളെ രാവിലേക്ക് മാറ്റിയത്. 

ENGLISH SUMMARY:

Vizhinjam Port; Govt aiming for rapid growth