ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്, കഴിഞ്ഞ ഏഴു മണിക്കൂറില്‍ അധികമായി പി.വി. അന്‍വര്‍ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുകയാണ്. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികളാണ് അന്‍വര്‍ ഉന്നയിച്ചിട്ടുളളത്.
പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയടക്കം ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എംഎല്‍എ രംഗത്ത് എത്തിയതോടെയാണ് വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നത്. എഡിജിപി. എം.ആര്‍ അജിത് കുമാറിന്‍റെ സ്വര്‍ണ്ണക്കടത്ത് ബന്ധം, എടവണ്ണയിലെ റിതാന്‍ ബാസിലന്‍റെ കൊലപാതകവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുളള ബന്ധം, സോളര്‍ കേസ് അട്ടിമറിച്ചത് അടക്കം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് ചോദിച്ചറിയാന്‍ കൂടിയാണ് പി.വി. അന്‍വറിനെ വിളിച്ചത്. നിലവില്‍ കൈവശമുളള തെളിവുകള്‍ കൈമാറുമെന്നും കൂടുതല്‍ ഡിജിറ്റല്‍ തെളിവുള്‍ അടക്കം ശേഖരിച്ചു വരികയാണന്നും പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞു.
മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ പേര് ഒഴിവാക്കിയിരുന്നു. പി. ശശിയുടെ പേര് കൂടി ചേര്‍ത്ത് പുതിയ പരാതി നല്‍കുമെന്ന് പി.വി. അന്‍വര്‍ പിന്നീട് അറിയിച്ചിരുന്നു.