മലബാറിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വയനാട്ടിലും കോഴിക്കോട്ടെ മലയോര മേഖലകളിലും ഇന്നലെ വൈകീട്ടോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പലയിടത്തും മരംവീണ് നാശനഷ്ടം ഉണ്ടായി. കോഴിക്കോട് ബാലുശ്ശേരി വയപ്പുറം താഴെ തോട്ടിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
യെല്ലോ മുന്നറിയിപ്പുള്ള ജില്ലകളിൽ കനത്ത മഴ തുടരുന്നുണ്ട്. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നലെ വൈകീട്ടോടെ ശക്തിപ്പെട്ട മഴ നിലവിലും തുടരുകയാണ്. ശക്തമായ മഴയില്‍ പന്തീരങ്കാവില്‍ മരം ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് കൊയിലാണ്ടി സ്വദേശി ടി എം ഹനീഫയ്ക്ക് പരുക്കേറ്റു. നാദാപുരം ബസ് സ്റ്റോപ്പിന് സമീപത്തെ പഴയ കെട്ടിടം തകര്‍ന്നു. അടച്ചിട്ടിരുന്ന കെട്ടിടമായിരുന്നതിനാല്‍ ആളപായമില്ല. കെട്ടിടം പൂര്‍ണമായി പൊളിച്ചുമാറ്റാനുള്ള നടപടികള്‍ തുടരുകയാണ്. മലയോര മേഖലകളിലടക്കം മഴയുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല.
വയനാട് തിരുനെല്ലിയിൽ വീടിനു മുകളിലേക്ക് മരം വീണു. പുതുപ്പറമ്പിൽ ബിനീഷിന്റെ വീടിന് മുകളിലേക്ക് ഇന്ന് പുലർച്ചെയാണ് മരം പതിച്ചത്. വീട്ടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും അപകടത്തിൽ പെട്ടില്ല. വീട് ഭാഗികമായി തകർന്നു. വയനാട് പിണങ്ങോട് പീസ് വില്ലേജിൽ റോഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചു. പ്രദേശത്തെ മതിലും റോഡുമാണ് പുഴക്കൽ പുഴയിലേക് പതിച്ചത്. ഇതോടെ സമീപത്തെ അഞ്ചോളം വീടുകൾ അപകടവസ്ഥയിലായി. കോട്ടത്തറയിൽ കെ പി ജലീൽ ഫൈസി എന്നയാളുടെ വീട്ടിലെ കിണറും ഇന്നലെ രാത്രിയോടെ ഇടിഞ്ഞു താഴ്ന്നു. മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ അടക്കമുള്ളവർ ജാഗ്രത പാലിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്