തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ പ്രധാന ഘട്ടത്തിലേക്ക്. രക്ഷാപ്രവര്‍ത്തനം മുപ്പതാം മണിക്കൂറിലേക്ക് കടന്നപ്പോള്‍ ഏറെ ശ്രമകരമായ ദൗത്യത്തിലാണ് സ്കൂബ, അഗ്നിരക്ഷാസേന സംഘങ്ങള്‍.  തുരങ്കത്തിന്റെ  പിന്‍ഭാഗത്ത് നിന്ന് വീണ്ടും പരിശോധന തുടങ്ങിയ സ്കൂബാ സംഘം  35 മീറ്ററോളം അകത്തേക്ക് കടന്ന് പരിശോധന നടത്തി. തുടര്‍ന്ന് നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ മാന്‍ഹോള്‍ വരെയെത്തിയ സംഘം ഇപ്പോള്‍ മാന്‍ഹോളില്‍ ഇറങ്ങി വീണ്ടും അകത്തേയ്ക്ക് പരിശോധന തുടരുകയാണ്. അവസാന 17 മീറ്ററിലാണ് ഇപ്പോള്‍ പരിശോധന. തുരങ്ക കനാലിന്റെ 117 മീറ്റര്‍ പരിശോധന ഇതോടെ പൂര്‍ത്തിയാകും. 

തുരങ്ക കനാലിലെ പരിശോധന ഇന്നുതന്നെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.  എന്‍ഡിആര്‍എഫ് സംഘവും തിരച്ചിലിനുണ്ട്. നേരത്തെ റോബോട്ടിക് ക്യാമറയില്‍ അടയാളം കണ്ട സ്ഥലത്ത് ജോയി ഇല്ലെന്ന് സ്കൂബ സംഘം നേരിട്ട് പോയി സ്ഥിരീകരിച്ചിരുന്നു. തിരച്ചിലിന് കൊച്ചിയില്‍ നിന്ന് നാവികസേനയെത്തുമെന്ന്  മന്ത്രി കെ. രാജന്‍ അറിയിച്ചു. കൃത്രിമമായി ജലനിരപ്പ് ഉയര്‍ത്തിയുള്ള പരിശോധനയും നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് അഗ്നിരക്ഷാ സേനയുടെ സ്കൂബാ സംഘം തിരുവനന്തപുരം തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഏറ്റെടുത്തത്.  നഗരമധ്യത്തിലെ അഴുക്കുചാലില്‍ ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ട് രാവുംപകലും നീണ്ട പ്രവര്‍ത്തനം സേനയുടെ സമീപകാല ചരിത്രത്തില്‍ ആദ്യം. റോബോട്ട് ക്യാമറയില്‍ ശരീരഭാഗം എന്ന് സംശയിക്കുന്ന ദൃശ്യം തെളിഞ്ഞതോടെ തൊടാന്‍പോലും അറയ്ക്കുന്ന അഴുക്കുചാലില്‍ വീണ്ടും അവര്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. അഴുക്കുചാലില്‍ മണിക്കൂറുകളോളം മുങ്ങിക്കിടന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

ഇന്നലെ രാത്രി അവസാനിപ്പിച്ച അതീവശ്രമകരമായ ദൗത്യം രാവിലെ വീണ്ടും ക്ഷീണമറിയാതെ ഏറ്റെടുത്ത് പന്ത്രണ്ടംഗ സ്കൂബാ സംഘം. തമ്പാനൂര്‍ റയില്‍വെ സ്റ്റേഷന്റെ പ്ലാറ്റ് ഫോമുകള്‍ക്ക് അടിയിലൂടെ കടന്നുപോകുന്ന ഇരുണ്ടചാലിലേക്ക് മുങ്ങി. സാധാരണ ജലയാശയങ്ങളില്‍ ഇറങ്ങുന്നതുപോലെയല്ല സകലമാന മാലിന്യങ്ങളും പേറുന്ന ഈ വെള്ളത്തില്‍ മുങ്ങുന്നത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ഇരുട്ടുനിറഞ്ഞ തുരങ്കത്തിലേക്ക് പലതവണ അവര്‍ മുങ്ങി.

തൊട്ടുപിന്നാലെ ദുരന്തനിവാര സേനയിലെ സ്കൂബാ ടീമും എത്തി. ഇന്നലെത്തന്നെ എത്തിച്ച ബാന്‍ഡികൂട്ട് റോബോട്ടിന് പോലും കണ്ടെത്താന്‍ കഴിയാത്ത തുരങ്കത്തിലേക്ക് അവര്‍ വീണ്ടും . തുരങ്കത്തിലേക്ക് വരുന്ന ആറുശാഖാനാളികളില്‍ നാലിടത്ത് പരിശോധന. ജീവന്‍പോലും അപടത്തിലാക്കിയാണ് റെയില്‍വേ ട്രാക്കിലെ മൂടി മാറ്റി ഓടയിലേക്ക് അവര്‍ ഇറങ്ങിയത്

117 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ അറുപതുമീറ്റര്‍ ഇടത്തെ പരിശോധന ഉച്ചയോടെ പൂര്‍ത്തിയാക്കി. പലയിടത്തും വെള്ളംവറ്റി മാലിന്യമാണ് അടിഞ്ഞു കൂടിക്കിടക്കുന്നത്. അതുംവര്‍ഷങ്ങള്‍ പഴക്കമുള്ള അഴുക്കുംചെളിയും നിറഞ്ഞ്. ഇരുപത്തഞ്ചംഗ സ്കൂബാ സംഘത്തെ അധികമായി വരുത്തി. റയില്‍വെ പ്ലാറ്റ്ഫോമിനടിയില്‍ 150 മീറ്റര്‍ തുരങ്കത്തിലൂടെയാണ് ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്നത്. 

ENGLISH SUMMARY:

TVM rescue op: No human remains found, confirms scuba team after checking location on robotic visuals