joy-mission

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള ഇന്നത്തെ തിരച്ചില്‍ തല്‍ക്കാലം നിര്‍ത്തിവച്ചു. കൊച്ചിയില്‍ നിന്ന് നാവിക സേന എത്തിയശേഷമായിരിക്കും അടുത്ത നടപടികള്‍ . സേനാംഗങ്ങള്‍ ഇന്നു തമ്പാനൂരിലെത്തും. ടണലിനകത്തുകയറിയും പ്ലാറ്റ്ഫോമിലെ മാന്‍ഹോളിലൂടെയും പരിശോധന നടത്തി. അഗ്നി രക്ഷാസേന, സ്കൂബ ഡൈവിങ്, എന്‍ഡിആര്‍എഫ് ടീമുകളുടെ നേതൃത്വത്തിലായിരുന്നു ഉദ്യമം. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത് . 

 

തോട്ടിലെ മാലിന്യംനീക്കാത്തതിന്റെ ഉത്തരവാദിത്തം കോര്‍പറേഷനെന്ന് റെയില്‍വേ വാദം. കോര്‍പറേഷന്‍ തലത്തില്‍ ഏകോപനം ആവശ്യമെന്ന് എഡിആര്‍എം എം.ആര്‍.വിജി പറഞ്ഞു. റെയില്‍വേയെ മാത്രമായി കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശുചീകരണത്തിന് കോര്‍പറേഷന് അനുവാദം നല്‍കിയില്ലെന്ന വാദം തെറ്റാണെന്നും ഇവര്‍ പറയുന്നു. അതേസമയം, ശുചീകരണത്തിന് റയില്‍വേയോട് അനുവാദം ചോദിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. റയില്‍വേയുടെ അധീനതയിലുള്ള ഭാഗം വൃത്തിയാക്കേണ്ടത് റയില്‍വേ തന്നെയെന്നും വിശദീകരണം. 

അതീവദുഷ്കര ദൗത്യം

തിരുവനന്തപുരത്ത് ആമയിഴ‍ഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള അതീവദുഷ്കര ദൗത്യം  തുടരുകായണ്. മാന്‍ഹോളില്‍ ഇറങ്ങിയുള്ള പരിശോധന സ്കൂബ സംഘാംഗങ്ങള്‍ ഇന്ന് മൂന്നുതവണയായി പൂര്‍ത്തിയാക്കി. 117 മീറ്ററുള്ള തുരങ്കത്തിലെ മേല്‍ത്തട്ടിലെ പരിശോധനയാണ് നടത്തിയത്. തോട്ടില്‍ അടിഞ്ഞുകൂടിയ മാലിന്യം ദൗത്യത്തിന് വിലങ്ങുതടിയായി.  അടിത്തട്ടിലെ ചെളിനീക്കാനും ശ്രമം നടന്നു. 

സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് അഗ്നിരക്ഷാ സേനയുടെ സ്കൂബാ സംഘം തിരുവനന്തപുരം തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഏറ്റെടുത്തത്.  നഗരമധ്യത്തിലെ അഴുക്കുചാലില്‍ ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ട് രാവുംപകലും നീണ്ട പ്രവര്‍ത്തനം സേനയുടെ സമീപകാല ചരിത്രത്തില്‍ ആദ്യം. റോബോട്ട് ക്യാമറയില്‍ ശരീരഭാഗം എന്ന് സംശയിക്കുന്ന ദൃശ്യം തെളിഞ്ഞതോടെ തൊടാന്‍പോലും അറയ്ക്കുന്ന അഴുക്കുചാലില്‍ വീണ്ടും അവര്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. അഴുക്കുചാലില്‍ മണിക്കൂറുകളോളം മുങ്ങിക്കിടന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

 

ഇന്നലെ രാത്രി അവസാനിപ്പിച്ച അതീവശ്രമകരമായ ദൗത്യം രാവിലെ വീണ്ടും ക്ഷീണമറിയാതെ ഏറ്റെടുക്കുകയായിരുന്നു. തമ്പാനൂര്‍ റയില്‍വെ സ്റ്റേഷന്റെ പ്ലാറ്റ് ഫോമുകള്‍ക്ക് അടിയിലൂടെ കടന്നുപോകുന്ന ഇരുണ്ടചാലിലേക്ക് മുങ്ങി. സാധാരണ ജലയാശയങ്ങളില്‍ ഇറങ്ങുന്നതുപോലെയല്ല സകലമാന മാലിന്യങ്ങളും പേറുന്ന ഈ വെള്ളത്തില്‍ മുങ്ങുന്നത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ഇരുട്ടുനിറഞ്ഞ തുരങ്കത്തിലേക്ക് പലതവണ അവര്‍ മുങ്ങി.

തൊട്ടുപിന്നാലെ ദുരന്തനിവാര സേനയിലെ സ്കൂബാ ടീമും എത്തി. ഇന്നലെത്തന്നെ എത്തിച്ച ബാന്‍ഡികൂട്ട് റോബോട്ടിന് പോലും കണ്ടെത്താന്‍ കഴിയാത്ത തുരങ്കത്തിലേക്ക് അവര്‍ വീണ്ടും . തുരങ്കത്തിലേക്ക് വരുന്ന ആറുശാഖാനാളികളില്‍ നാലിടത്ത് പരിശോധന. ജീവന്‍പോലും അപടത്തിലാക്കിയാണ് റെയില്‍വേ ട്രാക്കിലെ മൂടി മാറ്റി ഓടയിലേക്ക് അവര്‍ ഇറങ്ങിയത്

117 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ അറുപതുമീറ്റര്‍ ഇടത്തെ പരിശോധന ഉച്ചയോടെ പൂര്‍ത്തിയാക്കി. പലയിടത്തും വെള്ളംവറ്റി മാലിന്യമാണ് അടിഞ്ഞു കൂടിക്കിടക്കുന്നത്. അതുംവര്‍ഷങ്ങള്‍ പഴക്കമുള്ള അഴുക്കുംചെളിയും നിറഞ്ഞ്. ഇരുപത്തഞ്ചംഗ സ്കൂബാ സംഘത്തെ അധികമായി വരുത്തി. റയില്‍വെ പ്ലാറ്റ്ഫോമിനടിയില്‍ 150 മീറ്റര്‍ തുരങ്കത്തിലൂടെയാണ് ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്നത്. 

ENGLISH SUMMARY:

TVM rescue op: No trace of missing man as search completes in 117 m of tunnel