TOPICS COVERED

കേരളത്തിൽ ശക്തമായ മഴയും നാശനഷ്ടങ്ങളും. കാസർകോട് കരിന്തളത്ത് വീടിന് മുകളിൽ മരം വീണ് വായോധികയ്ക്ക് പരുക്കേറ്റു. പാലക്കാട്‌ സ്‌കൂളിന് മുകളിലും കണ്ണൂരിൽ വീടിന് മുകളിലും മരം വീണു. ആർക്കും പരുക്കില്ല.

പാലക്കാട് തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് സ്വകാര്യ ഭൂമിയിലെ തേക്ക് കടപുഴകി വീണത്. ഓടിട്ട മേൽക്കൂര തകർന്നതിനൊപ്പം ചുമരുകൾക്കും ബലക്ഷയമുണ്ടായി. വിദ്യാർഥികളും അധ്യാപകരും സ്കൂളിൽ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. കാസർകോട് കരിന്തളത്ത് വീടിനു മുകളിൽ മരം വീണ് വീട് പൂർണ്ണമായും തകർന്നു. കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മൽ രാഘവൻ്റെ വീടാണ് തകർന്നത്. പുറത്തേക്ക് ഓടുന്നതിനിടയിലാണ് രാഘവന്റെ ഭാര്യ തമ്പായിക്ക് പരുക്കേറ്റത്. വീട് തകർന്നതോടെ ദുരിതത്തിലായിരിക്കുകയാണ് കുടുംബം. കുമ്പള ആരിക്കാടിയിൽ സദാശിവയുടെ വീടും  കാറ്റിൽ തകർന്നു. സംഭവ സമയത്ത് സദാശിവ വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

കോഴിക്കോട് വടകരയിൽ കനത്ത മഴയിലും കാറ്റിലും റോഡരികിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം കടപുഴകി വീണു. കാറിനകത്ത് ആളില്ലാത്തതിനാൽ അപകടം ഒഴിവായി. കണ്ണൂർ പുതിയങ്ങാടിയിൽ വീടിന് മുകളിൽ  മരം വീണ് മേൽക്കൂര തകർന്നു.ബീച്ച് റോഡ് ബാപ്പൂട്ടി കോർണറിലെ ശ്രീരഞ്ജിനിയുടെ വീടാണ് തകർന്നത്.ആർക്കും പരുക്കില്ല. ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതവും  തടസപ്പെട്ടു. 

ENGLISH SUMMARY:

Heavy rains and damage in Kerala