witness-joy

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച ജോയിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത് ബൈക്കിലെത്തിയ യുവാവും കുട്ടിയുമെന്ന് സ്ഥലവാസി. രാവിലെ എട്ടുമണിയോടെയാണ് മാലിന്യത്തിനടിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് കോര്‍പറേഷന്‍റെ ആരോഗ്യ  വിഭാഗം ജീവനക്കാരെ വിവരമറിയിച്ചുവെന്നും മുളങ്കമ്പ് കൊണ്ട് മാലിന്യം നീക്കി  പരിശോധിച്ചാണ് മൃതദേഹമാണെന്ന് ഉറപ്പിച്ചതെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. ഇന്നലെ രാത്രി നഗരത്തില്‍ മഴ പെയ്തതിനെ തുടര്‍ന്ന് തകരപ്പറമ്പ് ഉപ്പിടാംമൂട് ഇരുമ്പ് പാലത്തിന്‍റെ അരികില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

 

അതേസമയം, ജോയിയുടെ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജോയിയുടെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ തിരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിക്കുകയുള്ളൂവെന്നും മേയര്‍ വ്യക്തമാക്കി.

മൂന്ന് ദിവസത്തെ തിരച്ചില്‍ വിഫലമാക്കിയാണ് രാവിലെ എട്ടുമണിയോടെ ജോയിയുടെ മൃതദേഹം പൊങ്ങിയത്. തുരങ്കത്തില്‍ നിന്നും ഏകദേശം ഒരുകിലോമീറ്ററോളം ദൂരത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂബ– അഗ്നി രക്ഷ– എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ സംയുക്തമായാണ് ഇന്ന് തിരച്ചില്‍ നടത്തിയത്. സോണാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചില്‍. 

ENGLISH SUMMARY:

Locals and corporation sanitation workers on Joy's body