തൃശൂർ റെയിൽവേ സ്റ്റേഷനിൽ ശുചിമുറി മാലിന്യം പുറത്തെ ഓടയിലേക്ക് ഒഴുക്കിവിട്ടു. യാത്രക്കാരുടെ പരാതിക്ക് പിന്നാലെ മേയറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി . സംഭവം റെയിൽവേയുടെ അനാസ്ഥ എന്ന് കോർപ്പറേഷൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ആമയിഴഞ്ചലിൽ തൊഴിലാളി മുങ്ങി മരിച്ചതിനു പിന്നാലെ റയിൽവേയെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നതാണ് തൃശൂരിൽ ശുചിമുറി മാലിന്യം ഒഴുക്കി എന്ന പരാതി. യാത്രക്കാരിൽ ചിലർ പരാതി പറഞ്ഞതോടെയാണ് മേയർ എം കെ വർഗീസും സംഘവും പരിശോധനക്ക് എത്തിയത്. ഓടയിൽ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നത് നഗരസഭയുടെ പരിധിയിലുള്ള വഞ്ചിക്കുളത്തേക്കാണ്. ഇതിനെതിരെ ശക്തമായ നിയമം നടപടി സ്വീകരിക്കാനാണ് കോർപ്പറേഷന്‍റെ നീക്കം.
കേന്ദ്ര മന്ത്രി എം പി ആയിരിക്കുന്ന സ്ഥലത്തെ, മാലിന്യ മുക്തമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്‍റെ റയിൽവേ തന്നെ തടസം നിൽക്കുകയാണെന്ന് മേയർ കുറ്റപ്പെടുത്തി. അതേസമയം ഇതിനെ പറ്റി റയിൽവേ പ്രതികരിക്കാൻ തയാറായിട്ടില്ല.