aluva-temple-rain-16

TOPICS COVERED

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യ കേരളത്തിൽ ശക്തമായ മഴയാണ് ഇന്നലെ മുതൽ ലഭിക്കുന്നത്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ഏഴു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും ഇടയുള്ളതിനാൽ തീരദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത്‌പരക്കെ മഴ കിട്ടും.

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പെരിയാറില്‍ ജലനിരപ്പുയര്‍ന്നു, ആലുവശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. മണപ്പുറം നടപ്പാലത്തിന്‍റെ പടിക്കെട്ടുകളും വെള്ളത്തിനടിയിലാണ്.

മലപ്പുറത്തും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ മലയോര മേഖലകളിലും കനത്തമഴ തുടരുകയാണ്. താമരശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിലും രാത്രി മരം വീണ് ഗതാഗതം തടസപ്പെട്ടു. രണ്ടിടങ്ങളിലും ഗതാഗതം പുനസ്ഥാപിച്ചു. മലപ്പുറം കരുവാരക്കുണ്ടില്‍ മണ്ണിടിച്ചിലുണ്ടായി. വയനാട് കല്ലൂര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് 9 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 

 

കൊച്ചി കോതമംഗലം കുടമുണ്ട പാലം വെള്ളത്തിനടിയിലായി, ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം പുല്ലാനിവിള റോഡിനുകുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി മുടങ്ങി. മേനംകുളത്ത് മരങ്ങള്‍ കടപുഴകി വീണ് തുമ്പയിലേക്ക് ഗതാഗത തടസമുണ്ടായി. വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നു, വൈദ്യുതി ബന്ധം നിലച്ചു. പാലക്കാട് കപ്പൂര്‍ അമേറ്റിക്കരയില്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ഡ്രൈവറും യാത്രക്കാരിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അമ്പലപ്പുഴയില്‍ തെങ്ങുവീണ് വീട് തകര്‍‌ന്നു.

പാലക്കാട് ആലത്തൂരില്‍ ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള താല്‍ക്കാലിക ഇരുമ്പ് നടപ്പാലം പുഴയിലേക്ക് മറിഞ്ഞു വീണു. കാവശ്ശേരി, പത്തനാപുരം കരകളെ ബന്ധിപ്പിക്കുന്ന പാലം നേരത്തെ മണ്‍തിട്ടയിടിഞ്ഞ് ചരിഞ്ഞ നിലയിലായിരുന്നു. പുതിയ പാലം പണിയുന്നതിന്റെ ഭാഗമായി കാല്‍നട യാത്രയെക്കരുതിയാണ് താല്‍ക്കാലിക ഇരുമ്പ് പാലം സ്ഥാപിച്ചിരുന്നത്. പാലം നിലംപൊത്തിയതോടെ ഇരുകരകളിലേക്കും സഞ്ചരിക്കുന്നതിന് കിലോമീറ്ററുകള്‍ ചുറ്റേണ്ടി വരുമെന്ന സ്ഥിതിയായി. 

ENGLISH SUMMARY:

Heavy rain continues in the state. Orange alert has been declared in five districts. Malappuram, Kozhikode, Wayanad, Kannur and Kasaragod districts are likely to experience heavy rainfall today. Yellow alert has also been announced in seven districts from Pathanamthitta to Palakkad.