ഗുരുവായൂരിൽ ക്ഷേത്രത്തിൽ നിന്ന് ഭക്തർക്കായി വിതരണം ചെയ്ത ലോക്കറ്റ് സ്വർണമാണെന്ന് തെളിയിച്ച് ദേവസ്വം. ലോക്കറ്റ് മുക്കുപണ്ടമാണെന്ന് പരാതി പറഞ്ഞ ഭക്തൻ ദേവസ്വത്തോട് മാപ്പ് പറഞ്ഞു. എന്നാൽ, പരാതിക്കാരന് എതിരെ ഗുരുവായൂർ ദേവസ്വം നിയമനടപടി തുടങ്ങി.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മേയ് 13നാണ് ഒറ്റപ്പാലം സ്വദേശി കെ.പി.മോഹൻദാസ് രണ്ടു ഗ്രാമിന്റെ സ്വർണ ലോക്കറ്റ് വാങ്ങിയത്. ഇതു സ്വർണമല്ലെന്നായിരുന്നു മോഹൻദാസിന്റെ പരാതി. സഹകരണ ബാങ്കിൽ പണയപ്പെടുത്താൻ ചെന്നപ്പോൾ മുക്കുപണ്ടമാണെന്ന് പറഞ്ഞെന്നായിരുന്നു പരാതി. ഇതുവാർത്തയായതോടെ, ഇതേചൊല്ലി, വ്യാപകമായ ചർച്ചകളും നടന്നു. ലോക്കറ്റുമായി ദേവസ്വം ഓഫിസിൽ എത്താൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു.
ക്ഷേത്രം തന്ത്രിയുടേയും ഭരണസമിതി അംഗങ്ങളുടേയും സാന്നിധ്യത്തിൽ അപ്രൈസർ ലോക്കറ്റ് പരിശോധിച്ചു. സ്വർണമാണെന്ന് തെളിഞ്ഞു. പരാതിക്കാരന്റെ ആവശ്യപ്രകാരം ജ്വല്ലറിയിൽ പരിശോധിച്ചു. അപ്പോഴും തെളിഞ്ഞു ഇതു സ്വർണമാണെന്ന്. പരാതിക്കാരന് ബോധ്യമാകാൻ വീണ്ടും പരിശോധന നടത്തി. അടുത്ത പരിശോധന സർക്കാർ അംഗീകാരമുള്ള കുന്നംകുളത്തെ ഹാൾമാർക്ക് സെന്ററിലായിരുന്നു. 916 സ്വർണമാണെന്ന് അവർ വിലയിരുത്തി. സ്വർണമാണെന്ന് ബോധ്യപ്പെട്ടതോടെ പരാതിക്കാരൻ പരസ്യമായി തെറ്റ് ഏറ്റുപ്പറഞ്ഞു.
നവമാധ്യമങ്ങളിൽ ദേവസ്വത്തെ ആക്ഷേപിച്ചവർക്കെതിരെ നിയമനടപടി തുടങ്ങിയതായും ദേവസ്വം ചെയർമാൻ അറിയിച്ചു.20 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്കായി സ്വർണ ലോക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ആയിരകണക്കിന് ലോക്കറ്റുകൾ ഇതിനോടകം വിറ്റു. ഇതുവരെ ആരും പരാതി പറഞ്ഞിട്ടുമില്ല.