പാലക്കാട് ജില്ലയിൽ രാത്രിയിലെ മഴ രാവിലെയും ശക്തി പ്രാപിക്കുകയാണ്. മലയോര മേഖലയിലും ഇടവിട്ട് എന്ന മട്ടിൽ മഴ ശക്തിയായി തുടരുകയാണ്. ഭാരതപ്പുഴ, ചിറ്റൂർ, ഗായത്രിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലേക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം കർശനമായി പാലിക്കാൻ ജില്ലാഭരണകൂടം പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വെള്ളച്ചാട്ടം കാണാൻ പോകുന്നതിനും നിയന്ത്രണമുണ്ട്.
ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകളും ഇരുപത് സെന്‍റീമീറ്റര്‍ വീതമാണ് ഉയർത്തിയിട്ടുള്ളത്. മൂലത്തറ റെഗുലേറ്റർ തുറന്നിട്ടുണ്ട്. വെള്ളിയാങ്കല്ല് റെഗുലേറ്ററിന്‍റെ 27 ൽ 26 ഷട്ടറുകളും തുറന്ന നിലയിലാണ്.
സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെന്നും മുന്നറിയിപ്പുണ്ട്.
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കനത്ത മഴയും വൈദ്യുതി തടസവും കാരണമാണ് വിനോദസഞ്ചാരം നിരോധിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നിയന്ത്രണം തുടരും.