ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരസ്യവിമര്‍ശനത്തിനു പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ജോലിയില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളല്ലെന്നും കൈക്കൂലിക്കാരനല്ലെന്നും വ്യക്തമാക്കി ഭാര്യാപിതാവ്. വിരമിക്കാന്‍ ഏഴുമാസം മാത്രം ശേഷിക്കെയാണ് അദ്ദേഹത്തിന്‍റെ മരണം. പത്തനംതിട്ടയില്‍ നിന്ന് പ്രൊമോഷനായാണ് കാസര്‍ഗോഡേക്ക് പോയത്. തിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരേക്ക് സ്ഥലം മാറ്റമായി.
Also Read: തെളിവുണ്ടോ കയ്യില്‍?; മരണത്തില്‍ മറുപടിയുണ്ടോ?; മിണ്ടാട്ടമില്ലാതെ പി.പി ദിവ്യ
ഇന്നലെ നാട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ച പ്രകാരം ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സറ്റേഷനില്‍ കാത്തുനിന്നു. എന്നാല്‍ നവീന്‍ എത്തിയില്ല. സെന്‍റ് ഓഫ് കഴിഞ്ഞ് വരികയാണെന്ന് പറഞ്ഞു. അവനിങ്ങ് വരുവല്ലോ, രാവിലെ കാണാമല്ലോ എന്ന് കരുതിയെന്ന് ഹൃദയവേദനയോടെ നവീന്‍റെ ഭാര്യാപിതാവ് ബാലകൃഷ്ണന്‍ നായര്‍ പറയുന്നു.
ട്രാന്‍സ്ഫറിന് അപേക്ഷിച്ചിരുന്നു. ആദ്യം ഒന്നും നടന്നില്ല, പാര്‍ട്ടി വഴി ഇടപെട്ടപ്പോള്‍ അവന്‍ നല്ലൊരാളാണ് ഇപ്പോള്‍ സ്ഥലം മാറ്റേണ്ടെന്ന് സഖാക്കള്‍ പറഞ്ഞു എന്നാണ് ബാലകൃഷ്ണന്‍ നായര്‍ പ്രതികരിച്ചത്. ഒരു ഫയലും തടഞ്ഞുവയ്ക്കുന്നവനല്ല. ജോലിയില്‍ കൃത്യതയും സത്യസന്ധതയും പുലര്‍ത്തിയിരുന്നയാളാണ് നവീന്‍. പി.പി ദിവ്യയുടെ പരാമര്‍ശത്തോടെ കടുത്ത മാനസിക വിഷമം ഉണ്ടായിട്ടുണ്ടാകണം. കൈക്കൂലിക്കാരാണെങ്കില്‍ അങ്ങനെ വിഷമം ഉണ്ടാകില്ലല്ലോ.
Also Read: നവീന്‍ വിരമിക്കാന്‍ ഏഴുമാസം മാത്രം; നാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത്
അവന്‍ ഭാര്യയോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാവണം. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മകളെ വിളിച്ച് അന്വേഷിച്ചു. ഫയലില്‍ വേണ്ട പേപ്പറുകളൊന്നുമില്ലായിരുന്നു അതാണ് ഒപ്പിടാഞ്ഞത്, പോരാന്‍ സമയത്ത് പെന്‍ഡിങ് ഫയലുകളെല്ലാം നോക്കുമ്പോള്‍ പേപ്പര്‍ഭാഗങ്ങള്‍ ശരിയായി എന്നുള്ളതുകൊണ്ടാണ് ഒപ്പിട്ടതെന്ന് നവീന്‍ പറഞ്ഞിരുന്നു എന്ന് മകള്‍ തന്നോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ അനുഭാവികളാണ് നവീനും കുടുംബവും. ഓമല്ലൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടയാളാണ് നവീന്‍റെ ഭാര്യാപിതാവായ ബാലകൃഷ്ണന്‍ നായര്‍. അമ്മ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുവേണ്ടി കളത്തിലിറങ്ങിയയാളും. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നവീന്‍ ബാബു ഇടതുസംഘടനാംഗമാണ്. ഭാര്യ കോന്നി ഡപ്യൂട്ടി തഹസില്‍ദാരായ മഞ്ജുഷ മുന്‍ ഭാരവാഹിയും. നവീന്‍റെ മരണവാര്‍ത്തയെത്തി ഇതുവരെ പാര്‍ട്ടിയില്‍ നിന്നും ആരും ബന്ധപ്പെട്ടിട്ടില്ല എന്ന് നവീന്‍റെ ഭാര്യാപിതാവ് വ്യക്തമാക്കിയിട്ടുണ്ട്.