കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ വയനാട് കല്ലൂരിലെ രാജുവിന്റെ ഊരിൽ വന്യജീവികളെത്തുന്നത് സ്ഥിരം സംഭവം. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത വിധം ആശങ്കയിലാണ് പ്രദേശവാസികൾ. തകർന്ന ഫെൻസിങ് കടന്നെത്തിയ കൊമ്പനാണ് കഴിഞ്ഞ ഞായറാഴ്ച രാജുവിനെ വീടിനു തൊട്ട് സമീപത്തു വെച്ച് ആക്രമിച്ചത്...
വയലിൽ നിലയുറപ്പിച്ചിരുന്ന ആന പാഞ്ഞടുത്താണ് രാജുവിനെ ആക്രമിച്ചത്. ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ട് നാല് മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മാറോട് ഊരിൽ കാട്ടാനയുടെ ആക്രമണം ഇത് ആദ്യമായല്ല. മുമ്പ് രാജുവിന്റെ സഹോദരൻ ബാബുവിനെ ആന ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ബാബു ഇന്നും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് വീണ്ടുമൊരു ആനക്കലി. ഇതോടെ ആശങ്ക ഇരട്ടിയായി .
കാടിറങ്ങി വരുന്ന ആനക്കൂട്ടം സമീപത്തെ വയലിലാണ് തമ്പടിക്കുക, പല സമയങ്ങളിലും വീടുകളിലുമെത്തി. ഇരുട്ടായാൽ ഈ മേഖലയിലാർക്കും പുറത്തിറങ്ങാൻ പോലും പറ്റാറില്ല .തകർന്ന ഫെൻസിങ് പുനസ്ഥാപിച്ചില്ലെന്നും പ്രദേശത്തെ ട്രഞ്ച് കാര്യക്ഷമമല്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. കൃഷി നശിപ്പിക്കൽ പതിവായതോടെ ഊരിലെ മിക്ക കർഷകരും വിത്തിറക്കാറുമില്ല. വന്യ ജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം തേടി പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ...