വയനാട് ചുണ്ടേലിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. മരിച്ച ഓട്ടോ ഡ്രൈവർ നവാസിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന പുത്തൂർവയൽ സ്വദേശി സുമിൽഷാദും സഹോദരൻ അജിനും ചേർന്ന് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു...
കഴിഞ്ഞ രണ്ടിന് രാവിലെയോടെയാണ് ചുണ്ടേല്‍ അമ്മാറ ആനോത്ത് റോഡിൽ സുമില്‍ഷാദ് ഓടിച്ച ജീപ്പും നവാസ് ഓടിച്ച ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ നവാസ് തൽക്ഷണം മരണപ്പെട്ടിരുന്നു. സുമിൽഷാദിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. സുമിൽൽഷാദിനു നവാസുമായി വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. രാവിലെ ചുണ്ടേൽ ഭാഗത്തു കാത്തിരുന്ന സുമിൽഷാദ് നവാസ് വരുന്നതറിഞ്ഞ് ഓട്ടോയിൽ ഇടിച്ചു കയറ്റുകയായിരുന്നു. സുമിൽഷാദിന്റെ സഹോദരൻ അജിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സ്ഥിരീകരണം
കൃത്യം നിർവഹിക്കുന്നതിന്റെ തൊട്ട് മുമ്പ് ചുണ്ടേലില്‍ സുമിൽഷാദ് ഏറെ നേരം കാത്തുനില്‍ക്കുന്നതിന്റെയും ഫോൺ കോൾ വന്നയുടൻ വാഹനമെടുത്ത് പോവുന്നതിന്റെയും സി.സി. ടി. വി ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു. സഹോദരൻ അജിനാണ് നവാസിന്റെ നീക്കങ്ങൾ സുമിൽഷാദിന് ഫോണിലൂടെ അറിയിച്ചത്. പിന്നാലെ കൃത്യം നിർവഹിച്ചു. നവാസിന്റെ സ്റ്റേഷനറി കടയും സുമിൽഷാദിന്റെ പിതാവ് സുൽഫിക്കറിന്റെ ഹോട്ടലും ചുണ്ടേൽ റോഡിൻറെ ഇരുവശത്തായിട്ടാണ്. ഇരുകൂട്ടരും തമ്മിൽ മുമ്പ് തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും