ആമയിഴഞ്ചാന്‍തോട്ടിലെ ജോയിയുടെ മരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ പ്രതിഷേധം കടുക്കുന്നു. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും മാര്‍ച്ച് നടത്തിയപ്പോള്‍ ബി.ജെ.പി മേയറുടെ ഓഫീസ് ഉപരോധിച്ചു. സമരത്തിന് രാഷ്ട്രീയലക്ഷ്യമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. ജോയിയുടെ അമ്മയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭയും വീട് വച്ച് കൊടുക്കാന്‍ കോര്‍പ്പറേഷനും തീരുമാനിച്ചു.
ജോയിയുടെ മരണത്തിന്റെ ഉത്തരവാദിത്തം റയില്‍വേയില്‍ കെട്ടിവച്ച് തലയൂരാന്‍ ശ്രമിക്കുന്ന കോര്‍പ്പറേഷനെതിരെ പ്രതിപക്ഷം ഒന്നടങ്കം സമരത്തില്‍. രാവിലെ മേയറുടെ ചേംബറിന് മുന്നിലേക്ക് തള്ളിക്കയറിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പിന്‍വാങ്ങിയത് വൈകിട്ട് 5ന്. സമരം കാരണം മേയര്‍ ഓഫീസിലെത്തിയില്ല.
കോര്‍പ്പറേഷനിലേക്ക് തള്ളിക്കയറാനുള്ള യൂത്ത് ലീഗ് ശ്രമം കയ്യാങ്കളിയിലെത്തി. മാലിന്യനീക്കത്തിലെ വീഴ്ച റയില്‍വേക്കാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന മേയര്‍ നാളെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ റയില്‍വേക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കും. അതേസമയം ദുരിതാശ്വാസനിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ നല്‍കുന്നതിന് പുറമെ ഇടിഞ്ഞ് വീഴാറായ വീട്ടില്‍ കഴിയുന്ന ജോയിയുടെ അമ്മയ്ക്ക് സ്ഥലം കണ്ടെത്തി വീട് വച്ച് നല്‍കാന്‍ കോര്‍പ്പറേഷനും തീരുമാനിച്ചു.രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് സംഘത്തെയും കോര്‍പ്പറേഷന്‍ ആദരിച്ചു.