liquor-online

TOPICS COVERED

മദ്യം ഓൺലൈനായി വിൽക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോം.  കഴിഞ്ഞ വർഷാവസാനം സ്വിഗ്ഗിയാണ് സർക്കാരിനെ സമീപിച്ചത്. എന്നാൽ തൽക്കാലം അനുകൂല തീരുമാനമില്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു

 

ഓൺലൈനിൽ ഓർഡർ കിട്ടിയാൽ ഭംഗിയായി പൊതിഞ്ഞ് മദ്യമാണെന്നു അറിയാത്ത വിദത്തിൽ ഭക്ഷണം പോലെ വീട്ടിലെത്തിക്കാം.  ഞങ്ങളുടെ വരുമാനവും കൂടും, സർക്കാരിൻ്റെ വരുമാനത്തിലും വർധനവുണ്ടാകും.പ്രമുഖ ഭക്ഷണ ഓൺലൈൻ പ്ലാറ്റ്ഫോമായ സ്വിഗ്ഗി സർക്കാരിനു മുന്നിൽ വെച്ച പ്രൊപ്പോസലാണിത്. മാത്രമല്ല ഒഡീഷ, പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ നിലവിൽ ഓൺലൈൻ മദ്യ വിതരണത്തിൻ്റെ വിശദാംശങ്ങളും സർക്കാരിനു കൈമാറി. ആദ്യഘട്ടത്തിൽ ഉയർന്ന വിലയുള്ള പ്രീമിയം മദ്യവും, ബിയറും, വൈനുമായിരുന്നു സ്വിഗ്ഗിയുടെ മനസിൽ. അതിനു ശേഷം സാധാ മദ്യവും. എന്നാൽ സർക്കാരിനു തൽക്കാലം താൽപര്യമില്ലെന്നു മന്ത്രി തന്നെ സ്വിഗ്ഗിയെ അറിയിച്ചു. പ്രായോഗിക മല്ലെന്നു കണ്ടാണ് നോ പറഞ്ഞതെന്നു മന്ത്രി എം.ബി.രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.കോവിഡ് കാലത്ത് ഔട്ലെറ്റുകൾ പൂട്ടിയപ്പോൾ ബവ് കോ ഓൺലൈൻ മദ്യ വിതരണത്തെ കുറിച്ച് ആലോചിച്ചിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഓർഡർ ചെയ്യുന്നവർക്ക് മദ്യം ബവ്കോ തന്നെ വീട്ടിലെത്തിക്കുന്ന തരത്തിലായിരുന്നു ആലോചന. ഇതിനായി പ്രത്യേക അപ്പും തയ്യാറാക്കുന്നതിന് ബവ് കോ തയ്യാറെടുത്തിരുന്നെങ്കിലും പ്രായോഗികമല്ലെന്നു മനസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് ഓൺലൈൻ മദ്യ വിതരണമെന്നത് സജീവ ചർച്ചയാകുന്നത്.

Swiggy seeks permission from kerala for home delivery of alcohol: