രോഗികളെ ചതിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റുകളില്‍ 15 എണ്ണവും കണ്ടം ചെയ്യാറായവ. സ്ഥാപിച്ചിട്ട് 15 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയായ ലിഫ്റ്റുകള്‍ ഉടന്‍ മാറ്റണമന്ന സേഫ്റ്റി ഒാഡിറ്റ് റിപ്പോര്‍ട്ടും അധികൃതര്‍ അവഗണിച്ചു. ലിഫ്റ്റ് നവീകരണത്തിന് അനുവദിച്ച 60 ലക്ഷം രൂപ താല്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ വക മാറ്റി. ഇപ്പോള്‍ മൂന്ന് ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതമാണ്.
രണ്ടു ദിവസം രവീന്ദ്രന്‍ നായര്‍ എന്ന മനുഷ്യന്‍ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നതിന്റെ ഞെട്ടല്‍ മാറും മുമ്പ് ഡോക്ടറും രോഗിയും ബന്ധുവും കുടുങ്ങി. ഇവര്‍ കുടുങ്ങിയ കാഷ്വാലിറ്റിയിലെ ഏഴാം നമ്പര്‍ ലിഫ്റ്റുള്‍പ്പെടെ മൂന്നെണ്ണം പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനത്തെ നമ്പര്‍ വണ്‍ മെഡിക്കല്‍ കോളജിലെ ലിഫ്റ്റുകള്‍ക്ക് എന്താണ് സംഭവിച്ചത്. ഉത്തരം ലളിതമാണ്. 22 ലിഫ്റ്റുകളില്‍ ഭൂരിഭാഗവും രോഗികളേയും വഹിച്ച് ഇടതടവില്ലാതെ ഒാടിയോടി തളര്‍ന്നവയാണ്.
ഒരു വര്‍ഷം മുമ്പ് സേഫ്റ്റി ഒാഡിറ്റ് നടന്നു. കാലപഴക്കം ചെന്ന നാലെണ്ണം അടിയന്തരമായും മറ്റുളളവ സമയബന്ധിതമായും മാറ്റണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഒരെണ്ണം മാറ്റാന്‍ ടെന്‍ഡര്‍ നല്കിയെന്നും മറ്റുളളവയുടെ എസ്റ്റിമേറ്റ് കണക്കാക്കുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ മറുപടി. ലിഫ്റ്റുകള്‍ക്ക് വാര്‍ഷിക മെയിന്റനന്‍സ് നടത്താത്തതാണ് ഇടയ്ക്കിടെ തകരാറിലാകാനുളള മറ്റൊരു കാരണം. മെയിന്റനന്‍സിന് പണമില്ലെന്നാണ് അധികൃതര്‍ തന്നെ രഹസ്യമായി പറയുന്നത്. ലിഫ്റ്റ് നവീകരണത്തിന് അനുവദിച്ച 60 ലക്ഷം രൂപ കൂടി ചേര്‍ത്താണ് താല്ക്കാലിക ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തത്. ഇനി ആരുടെയെങ്കിലും ജീവന്‍ പോയിട്ടുവേണോ ലിഫ്റ്റുകള്‍ നന്നാക്കാനെന്നാണ് ജീവനക്കാരും രോഗികളും ഒരുപോലെ ചോദിക്കുന്നത്.