ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജനെ തുണച്ച് സിപിഎം. വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്നാണ് മനസിലാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയരാജന്‍ തന്നെ പറഞ്ഞു. 'ഞാന്‍ പറയുകയോ, എഴുതുകയോ ചെയ്യാത്ത കാര്യം എന്‍റെ പേരില്‍ പ്രചരിപ്പിച്ചതാണ്. ആ പ്രചാരവേല നടത്തിയവര്‍ക്കെതിരായി നിയമപരമായ നടപടിയും ഡിജിപിക്ക് പരാതിയും കൈമാറിയിട്ടുണ്ട്. അന്വേഷണം നല്ലത് പോലെ നടക്കട്ടെയെന്നാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് ദിവസം വിവാദമുണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ഇപിയുടെ വാദവും സംസ്ഥാന സെക്രട്ടറി തള്ളിയില്ല. ഒരാലോചനയും ഇല്ലെങ്കില്‍ പിന്നെ ഇങ്ങനെ വരില്ലല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ ഗൂഢാലോചന ഇപിക്കെതിരായാണോ സിപിഎമ്മിനെതിരായാണോ എന്ന ചോദ്യത്തിന് ഇപി സിപിഎമ്മിന്‍റെ കേന്ദ്രക്കമ്മിറ്റിയംഗമാണെന്നായിരുന്നു വിശദീകരണം. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്നാണ് പാര്‍ട്ടി മനസിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'പുസ്തകം പ്രകാശനം ചെയ്യുന്നുവെന്ന് പറയുന്ന ദിവസം എഴുതിയ ആളെങ്കിലും അറിയണ്ടേ? ജയരാജന്‍ തന്നെ പറയുന്നു 'ഞാന്‍ പുസ്തകം എഴുതി പൂര്‍ത്തിയായിട്ടില്ല' എന്ന്. പൂര്‍ത്തിയാകാത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന വാര്‍ത്ത, അവസാനം സരിന്‍റെ പേര് കൂടി വലിച്ചിഴച്ചുകൊണ്ടുള്ള, അതിന്‍റെ കാര്യങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുകയെന്നതെല്ലാം പാര്‍ട്ടി വിരുദ്ധ'മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപി നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണോയെന്ന് ചോദ്യമുയര്‍ന്നപ്പോള്‍ 'ഇതില്‍ ജയരാജന്‍ എന്ത് ചെയ്തു? ജയരാജന്‍റെ പേര് ഉപയോഗിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ചത് തെറ്റാണ്' എന്നും പാര്‍ട്ടി ജയരാജനെ വിശ്വസിക്കുന്നുവെന്നും എം.വി ഗോവിന്ദന്‍ വിശദീകരിച്ചു.