കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി വീണ്ടും തൃശൂരില്‍ വിതരണം ചെയ്തു തുടങ്ങി. പച്ചരി കിലോയ്ക്കു ഇരുപത്തിയൊന്‍പതു രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി വിതരണം ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ വീണ്ടും അരി വിതരണം തുടങ്ങി. പ്രത്യേക വണ്ടികളിലായി ഓരോ മേഖലകളിലാണ് അരി വില്‍പന. അഞ്ച്, പത്ത് കിലോ അരി പ്രത്യേക സഞ്ചികളിലാക്കിയാണ് വിതരണം. പച്ചരിയാണ് നല്‍കുന്നത്. കിലോയ്ക്കു ഇരുപത്തിയൊന്‍പതു രൂപയാണ് നിരക്ക്. അരിയുടെ ഗുണനിലവാരം മികച്ചതാണെന്നാണ് വിതരണക്കാരുടെ അവകാശവാദം.
ഓരോ ജംക്ഷനുകളിലും അരി വണ്ടി നിര്‍ത്തും. ആവശ്യക്കാര്‍ക്കു വാങ്ങാം. എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ജില്ലയുടെ ഉള്‍പ്രദേശങ്ങളിലേക്കും അരി വണ്ടിയെത്തും. തിരഞ്ഞെടുപ്പ് കാലത്ത് അരി വിതരണം പലയിടത്തും തടഞ്ഞത് തര്‍ക്കത്തിനിടയാക്കിയിരുന്നു.