ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.എം.എസ്.വല്യത്താന്‍ അന്തരിച്ചു. 90 വയസായിരുന്നു. സി.അച്യുതമേനോന്റെ നിര്‍ദേശപ്രകാരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഡോ. വല്യത്താനാണ്. അദ്ദേഹം തന്നെ ആദ്യ ഡയറക്ടറായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീചിത്രയിൽ തദ്ദേശീയമായി നിർമിച്ച ഉപകരണങ്ങളാണ് രാജ്യത്തെ ഹൃദ്രോഗ ചികിത്സയുടെ ചെലവ് ഗണ്യമായി കുറച്ചത്. മണിപ്പാല്‍ വാഴ്സിറ്റി ആദ്യ വിസിയും ദേശീയ ശാസ്ത്ര സാങ്കേതിക അക്കാദമി അധ്യക്ഷനുമായിരുന്നു . രാജ്യം പത്മവിഭൂഷനും പത്മശ്രീയും നല്‍കി ആദരിച്ചു. അലോപ്പതിക്കൊപ്പം ആയുര്‍വേദവും പഠിച്ചു, ആയുര്‍വേദ ബയോളജി എന്ന ചിന്തയ്ക്ക് തുടക്കമിട്ടു.
മാവേലിക്കര രാജകുടുംബത്തിലെ മാർത്താണ്ഡവർമയുടെയും ജാനകിയമ്മയുടെയും മകനായി 1934 മേയ് 24നായിരുന്നു മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ എന്ന എം.എസ്. വല്യത്താന്റെ ജനനം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യബാച്ചുകാരനായി ഒന്നാം ക്ലാസോടെ മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും മദ്രാസ് ഐഐടിയിലും ജോലിചെയ്തു. 1974ൽ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ നിർദേശപ്രകാരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിപ്പടുക്കുന്നതിനുള്ള ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാഗത്തിലാണ് രാജ്യത്ത് ആദ്യമായി കൃത്രിമ ഹൃദയവാൽവ്, ബ്ലഡ് ബാഗ്, ഓക്സിജനേറ്റർ തുടങ്ങിയവ നിർമിച്ചത്.
നൂറിലേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് ഇന്ത്യൻ സയൻസ് അക്കാദമിയുടെ ധന്വന്തരി പ്രൈസ്, ഓംപ്രകാശ് ഭാസിൻ ദേശീയ അവാർഡ്, ആർ.ഡി. ബിർല അവാർഡ്, ജവാഹർലാൽ നെഹ്റു പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊറാസിക് സർജൻമാരുടെ സൊസൈറ്റിയിലെ മുതിർന്ന അംഗമായിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പദവിയും ലഭിച്ചിട്ടുണ്ട്. ഭാരതം 1984ൽ പത്മശ്രീയും 2005ൽ രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷനും നൽകി അദ്ദേഹത്തെ ആദരിച്ചു.
ദേശീയ ശാസ്ത്ര അക്കാദമി അധ്യക്ഷനും, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ ഉപാധ്യക്ഷനുമായിരുന്ന ഡോ. വല്യത്താൻ മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ വിസിറ്റിങ് പ്രഫസർ, കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ നാഷനൽ റിസർച്ച് പ്രഫസർ, യുജിസി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.