TOPICS COVERED

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട് മലയോരമേഖലയില്‍ കനത്തമഴയാണ്. ജലനിരപ്പ് ഉയർന്നതിനാൽ കക്കയം ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുന്നുമെന്ന് അധികൃതർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍. ജില്ലയിൽ  പുതിയതായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെയും ചിന്നക്കനാല്‍ പഞ്ചായത്തിലെയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

കോഴിക്കോട് കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടുണ്ട്. ഇവിടെ ശക്തമോ അതിശക്തമോ അയ മഴലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യെലോ അലര്‍ട്ടുള്ള ഇടുക്കി, എറണാകുളം, തൃശൂര്‍, പലക്കാട്, മലപ്പുറം ജില്ലകളില്‍ പരക്കെ മഴകിട്ടും. ബുധനാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും. ശനിയാഴ്ച രാത്രിവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ചവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. മണിക്കൂറില്‍‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍രൂപമെടുത്ത ന്യൂനമര്‍ദം കൂടുതല്‍ശക്തി കൈവരിച്ച് ഒഡീഷാ തീരത്തേക്ക് നീങ്ങിയേക്കും. 

ENGLISH SUMMARY:

As Heavy rain continue in Kozhikode, the shutters kakkayam dam likely to be opened.