കര്‍ണാടകയിലെ അംഗോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനെ തിരയാന്‍ കര്‍ണാടകയില്‍ നടപടിയില്ലെന്ന് ലോറി ഉടമ മനോരമ ന്യൂസിനോട്. പരാതി നല്‍കാനാണ് പൊലീസ് പറയുന്നത്; പല തവണ പരാതി നല്‍കിയതാണെന്ന് ലോറി ഉടമ പറയുന്നു. അര്‍ജുന്‍റെ ഫോണ്‍ ഇന്നലെ മുതല്‍ രണ്ടു തവണ ഓണ്‍ ആയി. ലോറിയുള്ള സ്ഥലം ജിപിഎസ്സില്‍ വ്യക്തം. എന്നിട്ടും പരിശോധിക്കുന്നില്ലെന്നും ഉടമ ആരോപിച്ചു.
തിരച്ചിലില്‍ അനാസ്ഥ ആരോപിച്ച് അര്‍ജുന്‍റെ ബന്ധുക്കളും അംഗോലയിലെത്തി. കാണാതായ അന്നുതന്നെ കോഴിക്കോട്ട് പൊലീസില്‍ നല്‍കിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കര്‍ണാടക ഗതാഗതമന്ത്രിയുമായി സംസാരിച്ചു. അന്വേഷിക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടറേയും ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. കാസര്‍കോട് ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള സംഘം അംഗോലയിലേക്ക് തിരിക്കും.
അംഗോലയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നത് അര്‍ജുന്‍ അടക്കം 15 പേരാണ്. മണ്ണിനടിയില്‍ ബെന്‍സും ട്രക്കും ഉണ്ടെന്ന് ജിപിഎസ് ലൊക്കേഷനിലൂടെ കണ്ടെത്തിയിരുന്നു. ലോറിയുടെ ജിപിഎസ് അവസാനം കാണിച്ചത് മണ്ണിടിഞ്ഞ സ്ഥലത്താണ്. ഇന്നും ഫോണ്‍ റിങ് ചെയ്തെന്ന് അര്‍ജുന്‍റെ ഭാര്യ മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാത്രിവരെ എന്‍ജിന്‍ ഓണായിരുന്നെന്ന് വാഹനക്കമ്പനിയും അറിയിച്ചു.