ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന വിവാദങ്ങള്‍ക്കിടെ സഞ്ജു സാംസണ്‍ ഇന്ന് ഇന്ത്യയ്ക്കായി ഇറങ്ങും. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മല്‍സരത്തിന് ഇന്നുരാത്രി ഏഴുമണിക്ക് കൊല്‍ക്കത്ത വേദിയാകും. ഇന്ത്യയ്ക്കായി കഴിഞ്ഞ അഞ്ചുമല്‍സരങ്ങളില്‍ മൂന്നിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. 14 മാസത്തെ ഇടവേളക്ക് ശേഷം മുഹമ്മദ് ഷമിയുടെ തിരിച്ചുവരവും ഇന്ന് പ്രതീക്ഷിക്കാം.
വിമര്‍ശനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കുന്ന ഒരു സഞ്ജു സാംസന്റെ വരാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബംഗ്ലേദശിനെതിരായ പരമ്പരയില്‍ അവസാന മല്‍സരത്തില്‍ നേടിയത് 111 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യമല്‍സരത്തില്‍ 107 റണ്‍സ്. അവസാന മല്‍സരത്തില്‍ 109 റണ്‍സ്. അഞ്ച് ഇന്നിങ്സില്‍ മൂന്നിലും സെഞ്ചുറി നേടിയ സഞ്ജു ഈഡന്‍ ഗാര്‍ഡന്‍സിലും വിശ്വരൂപം പുറത്തെടുത്താന്‍ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം മോഹിക്കാം. 2023 നവംബറിന് ശേഷം ആദ്യമായി മുഹമ്മദ് ഷമിയെയും ഇന്ത്യന്‍ ജേഴ്സിയില്‍ കാണാം. ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ഷമി തിളങ്ങേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തിളങ്ങിയ നിതീഷ് റെഡി പേസ് ബോളിങ് ഓള്‍റൗണ്ടറായി ആദ്യ ഇലവനില്‍ എത്തിയേക്കാം. ജോസ് ബട്്ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് നിരയില്‍ ശ്രദ്ധാകേന്ദ്രം യുവതാരം ജേക്കബ് ബെഥലാണ്. വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ ബിഗ് ബാഷ് ലീഗില്‍ 21കാരന്‍റെ ബാറ്റിങ് പ്രകടനം വന്‍ ആരാധകരെയാണ് സമ്പാദിച്ചത്. പരുക്കില്‍ നിന്ന് മോചിതനായ പേസര്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക് വുഡുമാണ് ഇംഗ്ലണ്ട് ബോളിങ് നിരയെ നയിക്കുന്നത്.