മഴ അവധിക്ക് വേണ്ടി ആത്മഹത്യാ ഭീഷണി വരെ മുഴക്കിയവരുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ. ചിലരുടെ സംഭാഷണത്തിൽ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തി. തുടര്‍ന്ന് കലക്ടർക്ക് സൈബർ സെല്ലിനെ സമീപിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകേണ്ടിയും വന്നു.
പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുട്ടികളില്‍ ചിലരുടെ അഭ്യാസങ്ങള്‍. അവധിയാണ് പ്രശ്നം. ഓറഞ്ച് അലർട്ടാണ്, മഴയാണ്, അവധി വേണം. മിക്കവരും സമൂഹ മാധ്യമങ്ങളില്‍ സജീവമായതിനാല്‍ കാര്യങ്ങള്‍ വേഗത്തില്‍ പേജിലെത്തിച്ചു
അവധിക്കുവേണ്ടി ആത്മഹത്യാ ഭീഷണിവരെ മുഴക്കിയവരുണ്ട്. രാത്രി 12നും ഒരുമണിക്കുമെല്ലാം - രക്ഷിതാക്കളെന്ന ഭാവത്തില്‍ വിളിച്ച വിദ്യാർഥികളുണ്ട്. ആവശ്യപ്പെടാന്‍ അച്ഛന്റെയും അമ്മയുടേയും അക്കൗണ്ടുകള്‍ വരെ ഉപയോഗിച്ചവരുമുണ്ട്. ഇത് തിരിച്ചറിഞ്ഞ് ചില രക്ഷിതാക്കള്‍ മാപ്പു പറഞ്ഞു. അപേക്ഷകൾ ഫലിക്കാതെ വന്നതോടെ ചിലര്‍ ഭാഷ കടുപ്പിച്ചു. കലക്ടര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. എല്ലാം 15 വയസ്സിനു താഴെ പ്രായമുളളവര്‍. ഇവരുടെ രക്ഷിതാക്കളെ വിളിപ്പിച്ച് കാര്യം പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്.