അട്ടപ്പാടി മേലെ ഭൂതയാർ ഊരിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ പൊലീസുകാരന്റെയും സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തി. അഗളി സ്റ്റേഷനിലെ പൊലീസുകാരനായ മുരുകന്‍, സുഹൃത്ത് കൃഷ്ണന്‍ എന്നിവരുടെ മൃതദേഹമാണ് പൊലീസും നാട്ടുകാരും ചേര്‍ന്നുള്ള തിരച്ചിലില്‍ വരഗയാര്‍ പുഴയിലെ ചെമ്പ വട്ടക്കാട് കടവില്‍ നിന്നും കണ്ടെടുത്തത്. 

എടവാണി ഊരിൽ നിന്നും ഭൂതയാർ ഊരിലേക്ക് വരഗയാർ കടന്ന് നടന്ന് പോവുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെട്ടെന്നാണ് നിഗമനം. രണ്ട് ഊരുകളിലും ഇരുവരും എത്തിയിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് ബന്ധുക്കൾ ഇന്നലെ രാത്രിയില്‍ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങുകയായിരുന്നു. ഊരിലേക്ക് പാലമില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതിഷേധിച്ചു. ജനപ്രതിനിധികളും പൊലീസും ഇടപെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം തണുപ്പിച്ചത്. മുട്ടിക്കുളങ്ങര ക്യാംപിലെ പൊലീസുകാരനായ മുരുകൻ നിലവില്‍ അഗളി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.

ENGLISH SUMMARY:

Body of missing policeman found